അപ്പൊ. പ്രവൃത്തികൾ 8:9-24

അപ്പൊ. പ്രവൃത്തികൾ 8:9-24 വേദപുസ്തകം

എന്നാൽ ശിമോൻ എന്നു പേരുള്ളോരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞു ശമര്യജാതിയെ ഭ്രമിപ്പിച്ചുപോന്നു. ഇവൻ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞു ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു. ഇവൻ ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചതു. എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു. ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേർന്നു നിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു. അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു. അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു. അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു. അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു. അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടുവന്നു: ഞാൻ ഒരുത്തന്റെ മേൽ കൈ വെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു. പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ. നിന്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല. നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും. നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു. അതിന്നു ശിമോൻ: നിങ്ങൾ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാൻ കർത്താവിനോടു എനിക്കുവേണ്ടി പ്രാർത്ഥിപ്പിൻ എന്നു ഉത്തരം പറഞ്ഞു.