അപ്പൊ. പ്രവൃത്തികൾ 8:29-39

അപ്പൊ. പ്രവൃത്തികൾ 8:29-39 വേദപുസ്തകം

ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക എന്നു പറഞ്ഞു. ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു: ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു. തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു: “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു. അവന്റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ” ഷണ്ഡൻ ഫിലിപ്പൊസിനോടു: ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു. ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി. അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു. [അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.] അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു: ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു. അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.