അപ്പൊ. പ്രവൃത്തികൾ 21:27-32

അപ്പൊ. പ്രവൃത്തികൾ 21:27-32 വേദപുസ്തകം

ആ ഏഴു ദിവസം തീരാറായപ്പോൾ ആസ്യയിൽ നിന്നു വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു: യിസ്രായേൽപുരുഷന്മാരേ, സഹായിപ്പിൻ; ഇവൻ ആകുന്നു ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ; അവൻ യവനന്മാരെയും ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു ഈ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുകൂകി. അവർ മുമ്പെ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൗലൊസ് അവനെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു. നഗരം എല്ലാം ഇളകി ജനം ഓടിക്കൂടി പൗലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി; ഉടനെ വാതിലുകൾ അടെച്ചുകളഞ്ഞു. അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപന്നു വർത്തമാനം എത്തി. അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൗലൊസിനെ അടിക്കുന്നതു നിറുത്തി.