അനന്തരം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞതു: ഞാൻ പന്തീരായിരം പേരെ തിരഞ്ഞെടുത്തു പുറപ്പെട്ടു ഇന്നു രാത്രി തന്നേ ദാവീദിനെ പിന്തുടരട്ടെ. ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാൻ ആക്രമിച്ചു ഭ്രമിപ്പിക്കും; അപ്പോൾ അവനോടുകൂടെയുള്ള ജനമൊക്കെയും ഓടിപ്പോകും; ഞാൻ രാജാവിനെ മാത്രം വെട്ടിക്കളയും. പിന്നെ ഞാൻ സകലജനത്തെയും നിന്റെ അടുക്കൽ മടക്കിവരുത്തും; നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരും മടങ്ങിവരുമ്പോൾ സകലജനവും സമാധാനത്തോടെ ഇരിക്കും. ഈ വാക്കു അബ്ശാലോമിന്നും യിസ്രായേൽമൂപ്പന്മാർക്കൊക്കെയും വളരെ ബോധിച്ചു. എന്നാൽ അബ്ശാലോം: അർഖ്യനായ ഹൂശായിയെ വിളിക്ക; അവന്റെ അഭിപ്രായവും കേൾക്കാമല്ലോ എന്നു പറഞ്ഞു. ഹൂശായി അബ്ശാലോമിന്റെ അടുക്കൽ വന്നപ്പോൾ അബ്ശാലോം അവനോടു: ഇന്നിന്നപ്രകാരം അഹീഥോഫെൽ പറഞ്ഞിരിക്കുന്നു; അവൻ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറക എന്നു പറഞ്ഞു. ഹൂശായി അബ്ശാലോമിനോടു പറഞ്ഞതെന്തെന്നാൽ: അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നന്നല്ല. നിന്റെ അപ്പനും അവന്റെ ആളുകളും വീരന്മാരും കാട്ടിൽ കുട്ടികൾ കവർന്നുപോയ കരടിയെപ്പോലെ ഉഗ്രമാനസന്മാരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്റെ അപ്പൻ യോദ്ധാവാകുന്നു. അവൻ ജനത്തോടുകൂടെ രാപാർക്കയില്ല. അവൻ ഇപ്പോൾ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കയായിരിക്കും; ആരംഭത്തിങ്കൽ തന്നേ ഇവരിൽ ചിലർ പട്ടുപോയാൽ അതു കേൾക്കുന്ന എല്ലാവരും അബ്ശാലോമിന്റെ പക്ഷക്കാരിൽ സംഹാരമുണ്ടായി എന്നു പറയും. അപ്പോൾ സിംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനുംകൂടെ അശേഷം ഉരുകിപ്പോകും; നിന്റെ അപ്പൻ വീരനും അവനോടുകൂടെയുള്ളവർ ശൂരന്മാരും എന്നു എല്ലായിസ്രായേലും അറിയുന്നു. ആകയാൽ ഞാൻ പറയുന്ന ആലോചന എന്തെന്നാൽ: ദാൻമുതൽ ബേർ-ശേബവരെ കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്റെ അടുക്കൽ ഒന്നിച്ചു കൂടുകയും തിരുമേനി തന്നേ യുദ്ധത്തിന്നു എഴുന്നെള്ളുകയും വേണം. അവനെ കാണുന്നേടത്തു നാം അവനെ ആക്രമിച്ചു മഞ്ഞു ഭൂമിയിൽ പൊഴിയുന്നതുപോലെ അവന്റെമേൽ ചെന്നുവീഴും; പിന്നെ അവനാകട്ടെ അവനോടു കൂടെയുള്ള എല്ലാവരിലും ഒരുത്തൻ പോലും ആകട്ടെ ശേഷിക്കയില്ല. അവൻ ഒരു പട്ടണത്തിൽ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിന്നു കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും കാണാതാകുംവരെ അതിനെ നദിയിൽ വലിച്ചിട്ടുകളയും. അപ്പോൾ അബ്ശാലോമും എല്ലാ യിസ്രായേല്യരും: അഹീഥോഫെലിന്റെ ആലോചനയെക്കാൾ അർഖ്യനായ ഹൂശായിയുടെ ആലോചന നല്ലതു എന്നു പറഞ്ഞു. അബ്ശാലോമിന്നു അനർത്ഥം വരേണ്ടതിന്നു അഹീഥോഫെലിന്റെ നല്ല ആലോചനയെ വ്യർത്ഥമാക്കുവാൻ യഹോവ നിശ്ചയിച്ചിരുന്നു.
2. ശമൂവേൽ 17 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2. ശമൂവേൽ 17:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ