ദാവീദ് മലമുകൾ കടന്നു കുറെ അപ്പുറം ചെന്നപ്പോൾ മെഫീബോശെത്തിന്റെ ഭൃത്യനായ സീബാ കോപ്പിട്ട രണ്ടു കഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറു അപ്പവും നൂറു ഉണക്കമുന്തിരിക്കുലയും നൂറു അത്തിയടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു. രാജാവു സീബയോടു: ഇതു എന്തിന്നു എന്നു ചോദിച്ചു. അതിന്നു സീബാ: കഴുതകൾ രാജാവിന്റെ കുടുംബക്കാർക്കു കയറുവാനും അപ്പവും പഴവും ബാല്യക്കാർക്കു തിന്മാനും വീഞ്ഞു മരുഭൂമിയിൽ ക്ഷീണിച്ചവർക്കു കുടിപ്പാനും തന്നേ എന്നു പറഞ്ഞു. നിന്റെ യജമാനന്റെ മകൻ എവിടെ എന്നു രാജാവു ചോദിച്ചതിന്നു സീബാ രാജാവിനോടു: അവൻ യെരൂശലേമിൽ പാർക്കുന്നു; യിസ്രായേൽഗൃഹം എന്റെ അപ്പന്റെ രാജത്വം ഇന്നു എനിക്കു തിരികെ തരുമെന്നു അവൻ പറയുന്നു എന്നു പറഞ്ഞു. രാജാവു സീബയോടു: ഇതാ, മെഫീബോശെത്തിന്നുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിന്നു സീബാ: യജമാനനായ രാജാവേ, ഞാൻ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു. ദാവീദ്രാജാവു ബഹൂരീമിൽ എത്തിയപ്പോൾ ശൗലിന്റെ കുലത്തിൽ ഗേരയുടെ മകൻ ശിമെയി എന്നു പേരുള്ള ഒരുത്തൻ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ടു വരുന്നതു കണ്ടു. അവൻ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു. ശിമെയി ശപിച്ചുംകൊണ്ടു ഇവ്വണ്ണം പറഞ്ഞു: രക്തപാതകാ, നീചാ, പോ, പോ. ശൗൽഗൃഹത്തിന്റെ രക്തം യഹോവ നിന്റെമേൽ വരുത്തിയിരിക്കുന്നു; അവന്നു പകരമല്ലോ നീ രാജാവയതു; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാൽ ഇപ്പോൾ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നുഭവിച്ചിരിക്കുന്നു. അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോടു: ഈ ചത്ത നായി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നതു എന്തു? ഞാൻ ചെന്നു അവന്റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു. അതിന്നു രാജാവു: സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങൾക്കും തമ്മിൽ എന്തു? അവൻ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നതു എന്തു എന്നു ആർ ചോദിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീശായിയോടും തന്റെ സകലഭൃത്യന്മാരോടും പറഞ്ഞതു: എന്റെ ഉദരത്തിൽനിന്നു പുറപ്പെട്ട മകൻ എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു എങ്കിൽ ഈ ബെന്യാമീന്യൻ ചെയ്യുന്നതു ആശ്ചര്യമോ? അവനെ വിടുവിൻ; അവൻ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു. പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ ഇവന്റെ ശാപത്തിന്നു പകരം എനിക്കു അനുഗ്രഹം നല്കും. ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നുപോകുമ്പോൾ ശിമെയിയും മലഞ്ചരിവിൽകൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു. രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു.
2. ശമൂവേൽ 16 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2. ശമൂവേൽ 16:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ