അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ. ധനവാന്നു ആടുമാടുകൾ അനവധി ഉണ്ടായിരുന്നു. ദരിദ്രന്നോ താൻ വിലെക്കു വാങ്ങി വളർത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളർന്നുവന്നു; അതു അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു. ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കന്നുവേണ്ടി പാകംചെയ്‌വാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു. അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോടു: യഹോവയാണ, ഇതു ചെയ്തവൻ മരണയോഗ്യൻ. അവൻ കനിവില്ലാതെ ഈ കാര്യം പ്രവർത്തിച്ചതുകൊണ്ടു ആ ആടിന്നുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു. നാഥാൻ ദാവീദിനോടു പറഞ്ഞതു: ആ മനുഷ്യൻ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൗലിന്റെ കയ്യിൽനിന്നു വിടുവിച്ചു. ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാർവ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാൻ നിനക്കു തരുമായിരുന്നു. നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു. നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും. നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാൺകെ സൂര്യന്റെ വെട്ടത്തു തന്നേ നടത്തും. ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല. എങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതുകൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചുപോകും എന്നു പറഞ്ഞു നാഥാൻ തന്റെ വീട്ടിലേക്കു പോയി.
2. ശമൂവേൽ 12 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2. ശമൂവേൽ 12:1-14
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ