2. രാജാക്കന്മാർ 4:1-17

2. രാജാക്കന്മാർ 4:1-17 വേദപുസ്തകം

പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശയോടു നിലവിളിച്ചു: നിന്റെ ദാസനായ എന്റെ ഭർത്താവു മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. എലീശ അവളോടു: ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്നു അവൾ പറഞ്ഞു. അതിന്നു അവൻ: നീ ചെന്നു നിന്റെ അയല്ക്കാരോടൊക്കെയും വെറുമ്പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുതു. പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടെച്ചു പാത്രങ്ങളിലൊക്കെയും പകർന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക എന്നു പറഞ്ഞു. അവൾ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടെച്ചു; അവർ അവളുടെ അടുക്കൽ പാത്രങ്ങളെ വെച്ചുകൊടുക്കയും അവൾ പകരുകയും ചെയ്തു. പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്റെ മകനോടു: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവൻ അവളോടു: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി. അവൾ ചെന്നു ദൈവപുരുഷനോടു വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊൾക എന്നു പറഞ്ഞു. ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അവനെ ഭക്ഷണത്തിന്നു വരേണം എന്നു നിർബ്ബന്ധിച്ചു. പിന്നെത്തേതിൽ അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന്നു അവിടെ കയറും. അവൾ തന്റെ ഭർത്താവിനോടു: നമ്മുടെ വഴിയായി കൂടക്കൂടെ കടന്നുപോകുന്ന ഈയാൾ വിശുദ്ധനായോരു ദൈവപുരുഷൻ എന്നു ഞാൻ കാണുന്നു. നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാല്ക്കാലിയും ഒരു നിലവിളക്കും വെക്കുക; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന്നു അവിടെ കയറി പാർക്കാമല്ലോ എന്നു പറഞ്ഞു. പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി. അവൻ തന്റെ ബാല്യക്കാരനായ ഗേഹസിയോടു: ശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവൻ അവളെ വിളിച്ചു. അവൾ അവന്റെ മുമ്പിൽ വന്നുനിന്നു. അവൻ അവനോടു: നീ ഇത്ര താല്പര്യത്തോടെയൊക്കെയും ഞങ്ങൾക്കു വേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്ക എന്നു പറഞ്ഞു. അതിന്നു അവൾ: ഞാൻ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അവൾക്കു വേണ്ടി എന്തുചെയ്യാമെന്നു അവൻ ചോദിച്ചതിന്നു ഗേഹസി: അവൾക്കു മകനില്ലല്ലോ; അവളുടെ ഭർത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു. അവളെ വിളിക്ക എന്നു അവൻ പറഞ്ഞു. അവൻ അവളെ വിളിച്ചപ്പോൾ അവൾ വാതില്ക്കൽ വന്നുനിന്നു. അപ്പോൾ അവൻ: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്കു നീ ഒരു മകനെ അണെച്ചുകൊള്ളും എന്നു പറഞ്ഞു. അതിന്നു അവൾ: അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു. ആ സ്ത്രീ ഗർഭംധരിച്ചു പിറ്റെ ആണ്ടിൽ എലീശാ അവളോടു പറഞ്ഞസമയത്തു തന്നേ ഒരു മകനെ പ്രസവിച്ചു.