2. ദിനവൃത്താന്തം 5:7-14

2. ദിനവൃത്താന്തം 5:7-14 വേദപുസ്തകം

പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തേക്കു കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വെച്ചു. കെരൂബുകൾ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു, തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന്നു മുമ്പിൽ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ടു. യിസ്രായേൽമക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ചു പെട്ടകത്തിൽ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ അതിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു വന്നപ്പോൾ -അവിടെയുണ്ടായിരുന്ന പുരോഹിതന്മാർ കൂറുകളുടെ ക്രമം നോക്കാതെ എല്ലാവരും തങ്ങളെ വിശുദ്ധീകരിച്ചിരുന്നു; ആസാഫ്, ഹേമാൻ, യെദൂഥൂൻ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീഠത്തിന്നു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു- കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെ: അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു എന്നു ഏകസ്വരമായി കേൾക്കുമാറു യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവർ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോൾ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു. യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു പുരോഹിതന്മാർക്കു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ കഴിഞ്ഞില്ല.