കർമ്മേലിൽ വ്യാപാരമുള്ള ഒരു മാവോന്യൻ ഉണ്ടായിരുന്നു; അവൻ മഹാ ധനികനായിരുന്നു; അവന്നു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവന്നു കർമ്മേലിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടായിരുന്നു. അവന്നു നാബാൽ എന്നും അവന്റെ ഭാര്യക്കു അബീഗയിൽ എന്നും പേർ. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠൂരനും ദുഷ്കർമ്മിയും ആയിരുന്നു. അവൻ കാലേബ് വംശക്കാരൻ ആയിരുന്നു. നാബാലിന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ദാവീദ് മരുഭൂമിയിൽ കേട്ടു. ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞതു: നിങ്ങൾ കർമ്മേലിൽ നാബാലിന്റെ അടുക്കൽ ചെന്നു എന്റെ പേരിൽ അവന്നു വന്ദനം ചൊല്ലി: നന്നായിരിക്കട്ടെ; നിനക്കും നിന്റെ ഭവനത്തിന്നും നന്നായിരിക്കട്ടെ; നിനക്കുള്ള സകലത്തിന്നും നന്നായിരിക്കട്ടെ. നിനക്കു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു. നിന്റെ ഇടയന്മാർ ഞങ്ങളോടുകൂടെ ഇരുന്നപ്പോൾ ഞങ്ങൾ അവരെ ഉപദ്രവിച്ചില്ല; അവർ കർമ്മേലിൽ ഇരുന്ന കാലത്തൊക്കെയും അവർക്കു ഒന്നും കാണാതെ പോയതുമില്ല. നിന്റെ ബാല്യക്കാരോടു ചോദിച്ചാൽ അവരും നിന്നോടു പറയും; അതുകൊണ്ടു ഈ ബാല്യക്കാരോടു ദയ തോന്നേണം; നല്ല നാളിലല്ലോ ഞങ്ങൾ വന്നിരിക്കുന്നതു; നിന്റെ കയ്യിൽ വരുന്നതു അടിയങ്ങൾക്കും നിന്റെ മകനായ ദാവീദിന്നും തരേണമേ എന്നു അവനോടു പറവിൻ. ദാവീദിന്റെ ബാല്യക്കാർ ചെന്നു നാബാലിനോടു ഈ വാക്കുകളെല്ലാം ദാവീദിന്റെ പേരിൽ അറിയിച്ചു കാത്തുനിന്നു. നാബാൽ ദാവീദിന്റെ ഭൃത്യന്മാരോടു: ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു വളരെ ഉണ്ടു. ഞാൻ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവർക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാർ എന്നു അറിയാത്തവർക്കു കൊടുക്കുമോ എന്നു ഉത്തരം പറഞ്ഞു. ദാവീദിന്റെ ബാല്യക്കാർ മടങ്ങിവന്നു വിവരമൊക്കെയും അവനോടു അറിയിച്ചു. അപ്പോൾ ദാവീദ് തന്റെ ആളുകളോടു: എല്ലാവരും വാൾ അരെക്കു കെട്ടിക്കൊൾവിൻ എന്നു പറഞ്ഞു. അവർ എല്ലാവരും വാൾ അരെക്കു കെട്ടി; ദാവീദും വാൾ അരെക്കു കെട്ടി; ഏകദേശം നാനൂറുപേർ ദാവീദിന്റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറുപേർ സാമാനങ്ങളുടെ അടുക്കൽ പാർത്തു. എന്നാൽ ബാല്യക്കാരിൽ ഒരുത്തൻ നാബാലിന്റെ ഭാര്യയായ അബീഗയിലിനോടു പറഞ്ഞതെന്തെന്നാൽ: ദാവീദ് നമ്മുടെ യജമാനന്നു വന്ദനം ചൊല്ലുവാൻ മരുഭൂമിയിൽനിന്നു ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ചു അയച്ചു. എന്നാൽ ആ പുരുഷന്മാർ ഞങ്ങൾക്കു ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങൾ വയലിൽ അവരുമായി സഹവാസം ചെയ്തിരുന്ന കാലത്തൊരിക്കലും അവർ ഞങ്ങളെ ഉപദ്രവിച്ചില്ല; ഞങ്ങൾക്കു ഒന്നും കാണാതെ പോയതുമില്ല. ഞങ്ങൾ ആടുകളെ മേയിച്ചുകൊണ്ടു അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെയും രാവും പകലും അവർ ഞങ്ങൾക്കു ഒരു മതിൽ ആയിരുന്നു. ആകയാൽ ഇപ്പോൾ ചെയ്യേണ്ടതു എന്തെന്നു ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനന്നും അവന്റെ സകലഭവനത്തിന്നും ദോഷം നിർണ്ണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആർക്കും ഒന്നും മിണ്ടിക്കൂടാ.
1. ശമൂവേൽ 25 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1. ശമൂവേൽ 25:2-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ