ഏറിയ നാൾ കഴിഞ്ഞിട്ടു മൂന്നാം സംവത്സരത്തിൽ ഏലീയാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്നു ആഹാബിന്നു നിന്നെത്തന്നേ കാണിക്ക; ഞാൻ ഭൂതലത്തിൽ മഴ പെയ്യിപ്പാൻ പോകുന്നു എന്നു പറഞ്ഞു. ഏലീയാവു ആഹാബിന്നു തന്നെത്താൻ കാണിപ്പാൻ പോയി; ക്ഷാമമോ ശമര്യയിൽ കഠിനമായിരുന്നു. ആകയാൽ ആഹാബ് തന്റെ ഗൃഹവിചാരകനായ ഓബദ്യാവെ ആളയച്ചുവരുത്തി; ഓബദ്യാവോ യഹോവയിങ്കൽ മഹാഭക്തനായിരുന്നു. ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്നു ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു. ആഹാബ് ഓബദ്യാവോടു: നീ നാട്ടിലുള്ള എല്ലാ നീരുറവുകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങൾ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവർകഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാൻ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു. അവർ ദേശത്തുകൂടി സഞ്ചരിക്കേണ്ടതിന്നു അതിനെ തമ്മിൽ പകുത്തു; ആഹാബ് തനിച്ചു ഒരു വഴിക്കു പോയി, ഓബദ്യാവും തനിച്ചു മറ്റൊരു വഴിക്കു പോയി, ഓബദ്യാവു വഴിയിൽ ഇരിക്കുമ്പോൾ ഏലീയാവു എതിരേറ്റുവരുന്നതു കണ്ടു അവനെ അറിഞ്ഞിട്ടു സാഷ്ടാംഗംവീണു: എന്റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു. അവൻ അവനോടു: അതേ, ഞാൻ തന്നേ; നീ ചെന്നു ഏലീയാവു ഇവിടെ ഉണ്ടെന്നു നിന്റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതു: അടിയനെ കൊല്ലേണ്ടതിന്നു ആഹാബിന്റെ കയ്യിൽ ഏല്പിപ്പാൻ അടിയൻ എന്തു പാപം ചെയ്തു? നിന്റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാൻ എന്റെ യജമാനൻ ആളെ അയക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്നു അവർ പറഞ്ഞപ്പോൾ അവൻ ആ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു. ഇങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവല്ലോ. ഞാൻ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവു നിന്നെ ഞാൻ അറിയാത്ത ഒരു സ്ഥലത്തേക്കു എടുത്തു കൊണ്ടുപോകും; ഞാൻ ആഹാബിനോടു ചെന്നറിയിക്കയും അവൻ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താൽ അവൻ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവഭക്തൻ ആകുന്നു. ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോൾ ഞാൻ യഹോവയുടെ പ്രവാചകന്മാരിൽ നൂറുപേരെ ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനൻ അറിഞ്ഞിട്ടില്ലയോ? അങ്ങനെയിരിക്കെ നീ എന്നോടു: ചെന്നു നിന്റെ യജമാനനോടു: ഏലീയാവു ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവൻ എന്നെ കൊല്ലുമല്ലോ. അതിന്നു ഏലീയാവു: ഞാൻ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാൻ ഇന്നു അവന്നു എന്നെത്തന്നേ കാണിക്കും എന്നു പറഞ്ഞു.
1. രാജാക്കന്മാർ 18 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1. രാജാക്കന്മാർ 18:1-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ