1. യോഹന്നാൻ 5:1-12

1. യോഹന്നാൻ 5:1-12 വേദപുസ്തകം

യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവൻ എല്ലാം ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവൻ എല്ലാം അവനിൽനിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു. നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചുനടക്കുമ്പോൾ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാൽ അറിയാം. അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല. ദൈവത്തിൽനിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു: ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ. യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ? ജലത്താലും രക്തത്താലും വന്നവൻ ഇവൻ ആകുന്നു: യേശുക്രിസ്തു തന്നേ; ജലത്താൽ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ. ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ. സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നു തന്നേ. നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കിൽ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവൻ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ. ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു. ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവൻ തന്നു; ആ ജീവൻ അവന്റെ പുത്രനിൽ ഉണ്ടു എന്നുള്ളതു തന്നേ. പുത്രനുള്ളവന്നു ജീവൻ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവൻ ഇല്ല.