1. കൊരിന്ത്യർ 7:1-9

1. കൊരിന്ത്യർ 7:1-9 വേദപുസ്തകം

നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു. എങ്കിലും ദുർന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്തഭർത്താവും ഉണ്ടായിരിക്കട്ടെ. ഭർത്താവു ഭാര്യക്കും ഭാര്യ ഭർത്താവിന്നും കടബെട്ടിരിക്കുന്നതു ചെയ്യട്ടെ. ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭർത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭർത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാര്യക്കത്രേ അധികാരം. പ്രാർത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേർന്നിരിപ്പിൻ. ഞാൻ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു. സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു. വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാർത്തുകൊണ്ടാൽ അവർക്കു കൊള്ളാം എന്നു ഞാൻ പറയുന്നു. ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.