1. കൊരിന്ത്യർ 15:20-38

1. കൊരിന്ത്യർ 15:20-38 വേദപുസ്തകം

എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു. മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ; പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും. സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം. എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും. അല്ല, മരിച്ചവർക്കു വേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്നു? ഞങ്ങളും നാഴികതോറും പ്രാണഭയത്തിൽ ആകുന്നതു എന്തിന്നു? സഹോദരന്മാരേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു. ഞാൻ എഫെസൊസിൽവെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്കു എന്തു പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ. വഞ്ചിക്കപ്പെടരുതു, “ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.” നീതിക്കു നിർമ്മദരായി ഉണരുവിൻ; പാപം ചെയ്യാതിരിപ്പിൻ; ചിലർക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്കു ലജ്ജെക്കായി പറയുന്നു. പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും. മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു; ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.