പരിചയും കുന്തവും എടുപ്പാൻ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞു വന്നു മരുഭൂമിയിൽ ദുർഗ്ഗത്തിൽ ദാവീദിനോടു ചേർന്നു; അവർ സിംഹമുഖന്മാരും മലകളിലെ മാൻപേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു. അവരാരെന്നാൽ: തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവു, മൂന്നാമൻ എലീയാബ്, നാലാമൻ മിശ്മന്നാ, അഞ്ചാമൻ യിരെമ്യാവു, ആറാമൻ അത്ഥായി, ഏഴാമൻ എലീയേൽ, എട്ടാമൻ യോഹാനാൻ, ഒമ്പതാമൻ എൽസാബാദ്, പത്താമൻ യിരെമ്യാവു, പതിനൊന്നാമൻ മഖ്ബന്നായി. ഇവർ ഗാദ്യരിൽ പടനായകന്മാർ ആയിരുന്നു; അവരിൽ ചെറിയവൻ നൂറുപേർക്കും വലിയവൻ ആയിരംപേർക്കും മതിയായവൻ. അവർ ഒന്നാം മാസത്തിൽ യോർദ്ദാൻ കവിഞ്ഞൊഴുകുമ്പോൾ അതിനെ കടന്നു താഴ്‌വര നിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു. ചില ബെന്യാമീന്യരും യെഹൂദ്യരും ദുർഗ്ഗത്തിൽ ദാവീദിന്റെ അടുക്കൽ വന്നു. ദാവീദ് അവരെ എതിരേറ്റുചെന്നു അവരോടു: നിങ്ങൾ എന്നെ സഹായിപ്പാൻ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കിൽ എന്റെ ഹൃദയം നിങ്ങളോടു ചേർന്നിരിക്കും; എന്റെ കയ്യിൽ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്റെ ശത്രുക്കൾക്കു എന്നെ കാണിച്ചു കൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു. അപ്പോൾ മുപ്പതുപേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവു വന്നു: ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ, യിശ്ശായ്പുത്രാ, നിന്റെ പക്ഷക്കാർ തന്നേ; സമാധാനം, നിനക്കു സമാധാനം; നിന്റെ തുണയാളികൾക്കും സമാധാനം; നിന്റെ ദൈവമല്ലോ നിന്നെ തുണെക്കുന്നതു എന്നു അവൻ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിന്നു തലവന്മാരാക്കി.
1. ദിനവൃത്താന്തം 12 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 1. ദിനവൃത്താന്തം 12:8-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ