1. ദിനവൃത്താന്തം 12:23-40

1. ദിനവൃത്താന്തം 12:23-40 വേദപുസ്തകം

യഹോവയുടെ വചനപ്രകാരം ശൗലിന്റെ രാജത്വം ദാവീദിന്നു ആക്കുവാൻ യുദ്ധസന്നദ്ധരായി ഹെബ്രോനിൽ അവന്റെ അടുക്കൽ വന്ന തലവന്മാരുടെ സംഖ്യകളാവിതു: പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യർ ആറായിരത്തെണ്ണൂറുപേർ. ശിമെയോന്യരിൽ ശൗര്യമുള്ള യുദ്ധവീരന്മാർ എഴായിരത്തൊരുനൂറുപേർ. ലേവ്യരിൽ നാലായിരത്തറുനൂറുപേർ അഹരോന്യരിൽ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തെഴുനൂറുപേർ. പരാക്രമശാലിയായി യൗവനക്കാരനായ സാദോക്, അവന്റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാർ. ശൗലിന്റെ സഹോദരന്മാരായ ബെന്യാമീന്യരിൽ മൂവായിരംപേർ; അവരിൽ ഭൂരിപക്ഷം അതുവരെ ശൗൽഗൃഹത്തിന്റെ കാര്യം നോക്കിവന്നിരുന്നു. എഫ്രയീമ്യരിൽ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളിൽ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തെണ്ണൂറുപേർ. മനശ്ശെയുടെ പാതിഗോത്രത്തിൽ പതിനെണ്ണായിരംപേർ. ദാവീദിനെ രാജാവാക്കുവാൻ ചെല്ലേണ്ടതിന്നു ഇവരെ പേരുപേരായി കുറിച്ചിരുന്നു. യിസ്സാഖാര്യരിൽ യിസ്രായേൽ ഇന്നതു ചെയ്യേണം എന്നു അറിവാൻ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാർ ഇരുനൂറുപേർ; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു. സെബൂലൂനിൽ യുദ്ധസന്നദ്ധരായി സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിന്നു പുറപ്പെട്ടവർ അമ്പതിനായിരംപേർ. നഫ്താലിയിൽ നായകന്മാർ ആയിരംപേർ; അവരോടുകൂടെ പരിചയും കുന്തവും എടുത്തവർ മുപ്പത്തേഴായിരംപേർ. ദാന്യരിൽ യുദ്ധസന്നദ്ധർ ഇരുപത്തെണ്ണായിരത്തറുനൂറുപേർ. ആശേരിൽ യുദ്ധസന്നദ്ധരായി പടെക്കു പുറപ്പെട്ടവർ നാല്പതിനായിരംപേർ. യോർദ്ദാന്നു അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരംപേർ. അണിനിരപ്പാൻ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലായിസ്രായേലിന്നും രാജാവാക്കേണ്ടതിന്നു ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിന്നു ഐകമത്യപ്പെട്ടിരുന്നു. അവർ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാർത്തു; അവരുടെ സഹോദരന്മാർ അവർക്കു വേണ്ടി വട്ടംകൂട്ടിയിരുന്നു. യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികൾ, യിസ്സാഖാർ, സെബൂലൂൻ, നഫ്താലി എന്നിവർകൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തും, അപ്പം, മാവു, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.