കൊയ്ത്തുകാരുടെ ചുമതലയുള്ള ദാസനോട്: ഈ യുവതി ഏതു എന്നു ബോവസ് ചോദിച്ചു. അതിന് ആ ദാസൻ: “ഇവൾ മോവാബ് ദേശത്തുനിന്ന് നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു; ഞാൻ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്നു അവൾ ചോദിച്ചു. അല്പനേരം വീട്ടിൽ വിശ്രമിക്കുന്നതിന് മുന്‍പ് അവൾ രാവിലെ മുതൽ ഇപ്പോൾ വരെ പെറുക്കിക്കൊണ്ടിരിക്കുകയായിരുന്നു” എന്നുത്തരം പറഞ്ഞു. ബോവസ് രൂത്തിനോടു: “കേട്ടോ മകളേ, പെറുക്കുവാൻ വേറൊരു വയലിൽ പോകണ്ടാ; ഇവിടം വിടുകയും വേണ്ടാ, ഇവിടെ എന്‍റെ ബാല്യക്കാരത്തികളോടു ചേർന്നുകൊൾക. അവർ കൊയ്യുന്ന നിലത്തിന്മേൽ ശ്രദ്ധവച്ച് അവരുടെ പിന്നാലെ പൊയ്ക്കൊൾക; ബാല്യക്കാർ നിന്നെ തൊടരുതെന്ന് ഞാൻ അവരോടു കല്പിച്ചിട്ടുണ്ട്. നിനക്ക് ദാഹിക്കുമ്പോൾ പാത്രങ്ങൾക്കരികെ ചെന്നു ബാല്യക്കാർ കോരിവെച്ചതിൽ നിന്ന് കുടിച്ചുകൊൾക” എന്നു പറഞ്ഞു. എന്നാറെ അവൾ നിലത്തു കവിണ്ണുവീണു നമസ്കരിച്ചുകൊണ്ട് അവനോട്: “അന്യദേശക്കാരത്തി ആയിരിക്കെ എന്നെ കരുതിയതും എന്നോട് ദയ കാണിച്ചതും എന്തുകൊണ്ട്” എന്നു ചോദിച്ചു. ബോവസ് അവളോടു: “നിന്‍റെ ഭർത്താവിന്‍റെ മരണശേഷം നീ നിന്‍റെ അമ്മാവിയമ്മെക്കു ചെയ്തിരിക്കുന്നതും നിന്‍റെ അപ്പനെയും അമ്മയെയും സ്വന്ത ദേശത്തെയും വിട്ടു, മുമ്പെ അറിയാത്ത ഒരു ജനത്തിന്‍റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാൻ കേട്ടിരിക്കുന്നു. നിന്‍റെ പ്രവൃത്തിക്കു യഹോവ പകരം നൽകുമാറാകട്ടെ. യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ ചിറകിൻ കീഴിൽ നീ ആശ്രയിച്ചുവന്നിരിക്കുന്നതു കൊണ്ട് അവിടുന്ന് നിനക്ക് പൂർണപ്രതിഫലം തരുമാറാകട്ടെ” എന്നുത്തരം പറഞ്ഞു. അതിന് അവൾ: “യജമാനനേ, നിന്‍റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എങ്കിലും നീ എന്നെ ആശ്വസിപ്പിക്കുകയും അടിയനോടു ദയവോടെ സംസാരിക്കുകയും ചെയ്യുവാൻ തക്കവണ്ണം എന്നോട് നിനക്ക് കൃപ തോന്നിയല്ലോ.”
രൂത്ത് 2 വായിക്കുക
കേൾക്കുക രൂത്ത് 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: രൂത്ത് 2:5-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ