രൂത്ത് 1:11-18

രൂത്ത് 1:11-18 IRVMAL

അതിന് നൊവൊമി പറഞ്ഞത്: “എന്‍റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ. എന്തിന് എന്നോടുകൂടെ പോരുന്നു? നിങ്ങൾക്ക് ഭർത്താക്കന്മാരായിരിപ്പാൻ ഇനി എന്‍റെ ഉദരത്തിൽ പുത്രന്മാർ ഉണ്ടോ? എന്‍റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊൾവിൻ. ഒരു ഭർത്താവിനെ സ്വീകരിക്കുവാൻ എനിക്ക് പ്രായം കടന്നുപോയി. അല്ല, അങ്ങനെ ഞാൻ ആശിച്ചിട്ടു ഈ രാത്രി തന്നെ ഒരു പുരുഷന് ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും അവർക്ക് പ്രായമാകുവോളം നിങ്ങൾ അവർക്കായിട്ടു കാത്തിരിക്കുമോ? നിങ്ങൾക്ക് ഭർത്താക്കന്മാർ ഇല്ലാതിരിപ്പാൻ സാധിക്കുമോ? എന്‍റെ മക്കളേ അതു വേണ്ട, യഹോവയുടെ കൈ എനിക്ക് വിരോധമായി പുറപ്പെട്ടിരിക്കുകയാൽ നിങ്ങളെ ഓർത്തു ഞാൻ വളരെ വ്യസനിക്കുന്നു.” അവർ പിന്നെയും ഉച്ചത്തിൽ കരഞ്ഞു. ഓർപ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളെ വിട്ടുപിരിയാതെനിന്നു. അപ്പോൾ അവൾ: “നിന്‍റെ സഹോദരി തന്‍റെ ജനത്തിന്‍റെയും തന്‍റെ ദേവന്മാരുടെയും അടുക്കൽ മടങ്ങിപ്പോയല്ലോ, നീയും അങ്ങനെ തന്നെ പൊയ്ക്കൊൾക” എന്നു പറഞ്ഞു. അതിന് രൂത്ത്: “നിന്നെ വിട്ടുപിരിഞ്ഞു മടങ്ങിപ്പോകുവാൻ എന്നോട് പറയരുതേ, നീ പോകുന്നിടത്ത് ഞാനും പോകും, നീ പാർക്കുന്നേടത്ത് ഞാനും പാർക്കും, നിന്‍റെ ജനം എന്‍റെ ജനം, നിന്‍റെ ദൈവം എന്‍റെ ദൈവം. നീ മരിച്ച് അടക്കപ്പെടുന്നേടത്ത് വരുംകാലത്ത് ഞാനും മരിച്ചു അടക്കപ്പെടും. മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ എന്നെ അധികമായി ശിക്ഷിക്കട്ടെ” എന്നു പറഞ്ഞു. തന്നോടുകൂടെ പോരുവാൻ അവൾ ഉറച്ചിരിക്കുന്നു എന്നു കണ്ടപ്പോൾ അവൾ അവളോടു സംസാരിക്കുന്നത് മതിയാക്കി.