റോമ. 10:1-11

റോമ. 10:1-11 IRVMAL

സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നുതന്നെ എന്‍റെ ഹൃദയവാഞ്ഛയും അവർക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു. അവർ പരിജ്ഞാനപ്രകാരം അല്ലെങ്കിലും ദൈവത്തിനുവേണ്ടി എരിവുള്ളവർ എന്നു ഞാൻ അവർക്ക് സാക്ഷ്യം പറയുന്നു. അവർ ദൈവത്തിന്‍റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിക്കുവാൻ അന്വേഷിച്ചുകൊണ്ട് ദൈവത്തിന്‍റെ നീതിയ്ക്ക് കീഴ്പെട്ടില്ല. വിശ്വസിക്കുന്ന ഏവനും നീതികരിക്കപ്പെടേണ്ടതിന് ക്രിസ്തു ന്യായപ്രമാണത്തിന്‍റെ പൂർത്തീകരണം ആകുന്നു. ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച്: “ന്യായപ്രമാണത്തിന്‍റെ നീതി ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ. വിശ്വാസത്താലുള്ള നീതിയോ ഇപ്രകാരം പറയുന്നു: “ക്രിസ്തുവിനെ ഇറക്കണം എന്നു വിചാരിച്ചു ആർ സ്വർഗ്ഗത്തിൽ കയറും എന്നോ, ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്‍റെ ഹൃദയത്തിൽ പറയരുത്.” എന്നാൽ അത് എന്ത് പറയുന്നു? “വചനം നിനക്കു സമീപമായി, നിന്‍റെ വായിലും നിന്‍റെ ഹൃദയത്തിലും ഇരിക്കുന്നു.” അത് ഞങ്ങൾ പ്രസ്താവിക്കുന്ന വിശ്വാസ വചനം തന്നെ. യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ട് വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയംകൊണ്ട് നീതിയ്ക്കായി വിശ്വസിക്കയും വായ്കൊണ്ട് രക്ഷക്കായി ഏറ്റുപറയുകയും ചെയ്യുന്നു. “അവനിൽ വിശ്വസിക്കുന്നവൻ ഒരുവനും ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.

റോമ. 10:1-11 - നുള്ള വീഡിയോ