എന്‍റെ ജനമേ, എന്‍റെ ഉപദേശം ശ്രദ്ധിക്കുവിൻ; എന്‍റെ വായിലെ മൊഴികൾക്ക് നിങ്ങളുടെ ചെവി ചായിക്കുവിൻ. ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മളോട് പറഞ്ഞിരിക്കുന്നു. നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും കർത്താവ് ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. ദൈവം യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; അവയെ അവരുടെ മക്കളെ അറിയിക്കുവാൻ നമ്മുടെ പിതാക്കന്മാരോട് കല്പിച്ചു. വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾതന്നെ, അവയെ ഗ്രഹിക്കുകയും എഴുന്നേറ്റ് തങ്ങളുടെ മക്കളോട് അറിയിക്കുകയും ചെയ്യും. അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും അവിടുത്തെ പ്രവൃത്തികളെ മറന്നുകളയാതെ അവിടുത്തെ കല്പനകൾ പ്രമാണിച്ചു നടക്കുകയും അവരുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ, ദൈവത്തോട് അവിശ്വസ്തമനസ്സുള്ള ഒരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിന് തന്നെ. ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി. അവർ ദൈവത്തിന്‍റെ നിയമം പ്രമാണിച്ചില്ല; കർത്താവിന്‍റെ ന്യായപ്രമാണം ഉപേക്ഷിച്ചു നടന്നു. അവർ ദൈവത്തിന്‍റെ പ്രവൃത്തികളും അവരെ കാണിച്ച അത്ഭുതങ്ങളും മറന്നുകളഞ്ഞു. കർത്താവ് മിസ്രയീം ദേശത്ത്, സോവാൻ വയലിൽവച്ച് അവരുടെ പൂര്‍വ്വ പിതാക്കന്മാരുടെ കൺമുമ്പിൽ, അത്ഭുതം പ്രവർത്തിച്ചു. ദൈവം സമുദ്രത്തെ വിഭാഗിച്ച്, അതിൽകൂടി അവരെ കടത്തി; കർത്താവ് വെള്ളത്തെ ചിറപോലെ നില്‍ക്കുമാറാക്കി. പകൽ സമയത്ത് അവിടുന്ന് മേഘംകൊണ്ടും രാത്രിമുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി. ദൈവം മരുഭൂമിയിൽ പാറകളെ പിളർന്നു ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിക്കുവാൻ കൊടുത്തു. പാറയിൽനിന്ന് അവിടുന്ന് അരുവികളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി. എങ്കിലും അവർ കർത്താവിനോട് പാപംചെയ്തു; അത്യുന്നതനോട് മരുഭൂമിയിൽവച്ച് മത്സരിച്ചുകൊണ്ടിരുന്നു. അവർ കൊതിക്കുന്ന ഭക്ഷണം ചോദിച്ചു കൊണ്ടു അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു. അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ?” ദൈവം പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി, സത്യം; “എന്നാൽ അപ്പംകൂടി തരുവാൻ ദൈവത്തിന് കഴിയുമോ? തന്‍റെ ജനത്തിന് ദൈവം മാംസം വരുത്തി കൊടുക്കുമോ?” എന്നു പറഞ്ഞു.
സങ്കീ. 78 വായിക്കുക
കേൾക്കുക സങ്കീ. 78
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീ. 78:1-20
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ