സങ്കീ. 69:1-12

സങ്കീ. 69:1-12 IRVMAL

ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്‍റെ കഴുത്തോളം എത്തിയിരിക്കുന്നു. ഞാൻ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാൻ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങൾ എന്‍റെ മീതെ കവിഞ്ഞൊഴുകുന്നു. എന്‍റെ നിലവിളികൊണ്ട് ഞാൻ തളർന്നിരിക്കുന്നു; എന്‍റെ തൊണ്ട വരണ്ടിരിക്കുന്നു; ദൈവത്തെ കാത്തിരുന്ന് എന്‍റെ കണ്ണ് മങ്ങിപ്പോകുന്നു. കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്‍റെ തലയിലെ രോമങ്ങളേക്കാളും അധികമാകുന്നു; വൃഥാ എന്‍റെ ശത്രുക്കളായി എന്നെ സംഹരിക്കുവാൻ ഭാവിക്കുന്നവർ പെരുകിയിരിക്കുന്നു; ഞാൻ മോഷ്ടിക്കാത്തത് തിരികെ കൊടുക്കേണ്ടിവരുന്നു. ദൈവമേ, അവിടുന്ന് എന്‍റെ ഭോഷത്തം അറിയുന്നു; എന്‍റെ അകൃത്യങ്ങൾ അങ്ങേക്ക് മറഞ്ഞിരിക്കുന്നില്ല. സൈന്യങ്ങളുടെ യഹോവയായ കർത്താവേ, അങ്ങയിൽ പ്രത്യാശ വയ്ക്കുന്നവർ എന്‍റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്‍റെ ദൈവമേ, അവിടുത്തെ അന്വേഷിക്കുന്നവർ എന്‍റെ നിമിത്തം നാണിച്ചുപോകരുതേ. അവിടുത്തെ നാമംനിമിത്തം ഞാൻ നിന്ദ സഹിച്ചു; ലജ്ജ എന്‍റെ മുഖത്തെ മൂടിയിരിക്കുന്നു. എന്‍റെ സഹോദരന്മാർക്ക് ഞാൻ പരദേശിയും എന്‍റെ അമ്മയുടെ മക്കൾക്ക് അന്യനും ആയി തീർന്നിരിക്കുന്നു. അങ്ങേയുടെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു; അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദ എന്‍റെ മേൽ വീണിരിക്കുന്നു. ഞാൻ എന്‍റെ പ്രാണനെ കരച്ചിലാലും ഉപവാസത്താലും താഴ്മയുള്ളവനാക്കി. അതും എനിക്ക് നിന്ദയായി തീർന്നു; ഞാൻ ചണവസ്ത്രം എന്‍റെ ഉടുപ്പാക്കി; ഞാൻ അവർക്ക് പഴഞ്ചൊല്ലായിതീർന്നു. പട്ടണവാതില്‍ക്കൽ ഇരിക്കുന്നവർ എന്നെക്കുറിച്ച് സംസാരിക്കുന്നു; ഞാൻ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.