ദുഷ്പ്രവൃത്തിക്കാർനിമിത്തം നീ ദുഃഖിക്കരുത്; നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്. അവർ പുല്ല് പോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു. യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക; ദേശത്ത് വസിച്ച് ദൈവത്തോട് വിശ്വസ്തത പാലിക്കുക. യഹോവയിൽ തന്നെ രസിച്ചുകൊള്ളുക; കർത്താവ് നിന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്കു തരും. നിന്‍റെ വഴി യഹോവയെ ഭരമേല്പിക്കുക; കർത്താവിൽ തന്നെ ആശ്രയിക്കുക; അവിടുന്ന് അത് നിവർത്തിക്കും. കർത്താവ് നിന്‍റെ നീതിയെ പ്രഭാതം പോലെയും നിന്‍റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് കർത്താവിനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്. കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക; മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും. ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല; നീ അവന്‍റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു; അവന്‍റെനേരെ അവൻ പല്ല് കടിക്കുന്നു. കർത്താവ് അവനെ നോക്കി ചിരിക്കും; അവന്‍റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു. എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു. അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്. ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും. യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല; ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും. എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്‍റെ ഭംഗിപോലെയത്രെ; അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും. ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല; നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു. യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. ദൈവത്താൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.
സങ്കീ. 37 വായിക്കുക
കേൾക്കുക സങ്കീ. 37
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീ. 37:1-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ