സങ്കീ. 18:37-50

സങ്കീ. 18:37-50 IRVMAL

ഞാൻ എന്‍റെ ശത്രുക്കളെ പിന്തുടർന്ന് പിടിച്ചു; അവരെ നശിപ്പിക്കുവോളം ഞാൻ പിന്തിരിഞ്ഞില്ല. അവർ എഴുന്നേല്ക്കാത്തവണ്ണം ഞാൻ അവരെ തകർത്തു; അവർ എന്‍റെ കാല്ക്കീഴിൽ വീണിരിക്കുന്നു. യുദ്ധത്തിനായി അവിടുന്ന് എന്‍റെ അരയ്ക്ക് ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിർത്തവരെ എനിക്ക് കീഴടക്കിത്തന്നിരിക്കുന്നു. എന്നെ വെറുക്കുന്നവരെ ഞാൻ സംഹരിക്കേണ്ടതിന് അവിടുന്ന് എന്‍റെ ശത്രുക്കളെ പിന്തിരിഞ്ഞ് ഓടുമാറാക്കി. അവർ നിലവിളിച്ചു; രക്ഷിക്കുവാൻ ആരും ഉണ്ടായിരുന്നില്ല; യഹോവയോട് നിലവിളിച്ചു; അവിടുന്ന് ഉത്തരം അരുളിയതുമില്ല. ഞാൻ അവരെ കാറ്റിൽ പറക്കുന്ന പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിപോലെ ഞാൻ അവരെ എറിഞ്ഞുകളഞ്ഞു. ജനത്തിന്‍റെ കലഹങ്ങളിൽനിന്ന് അവിടുന്ന് എന്നെ വിടുവിച്ചു; ജനതതികൾക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു. അവർ എന്നെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ അനുസരിക്കും; അന്യജനതകൾ എന്നോട് വിധേയത്വം കാണിക്കും. അന്യജനതകൾ ക്ഷയിച്ചുപോകുന്നു; അവരുടെ ഒളിയിടങ്ങളിൽനിന്ന് അവർ വിറച്ചുകൊണ്ട് വരുന്നു. യഹോവ ജീവിക്കുന്നു; എന്‍റെ പാറ വാഴ്ത്തപ്പെട്ടവൻ; എന്‍റെ രക്ഷയുടെ ദൈവം ഉന്നതൻ തന്നെ. ദൈവം എനിക്ക് വേണ്ടി പ്രതികാരം ചെയ്യുകയും ജനതകളെ എനിക്ക് കീഴടക്കിത്തരുകയും ചെയ്യുന്നു. എന്‍റെ കർത്താവ് ശത്രുവിന്‍റെ കയ്യിൽനിന്ന് എന്നെ വിടുവിക്കുന്നു; എന്നോട് എതിർക്കുന്നവർക്കുമേൽ എന്നെ ഉയർത്തുന്നു; സാഹസക്കാരന്‍റെ കയ്യിൽനിന്ന് എന്നെ വിടുവിക്കുന്നു. അതുകൊണ്ട് യഹോവേ, ഞാൻ ജനതകളുടെ മദ്ധ്യത്തിൽ അങ്ങേക്കു സ്തോത്രം ചെയ്യും; അവിടുത്തെ നാമത്തെ ഞാൻ കീർത്തിക്കും. ദൈവം തന്‍റെ രാജാവിന് മഹാരക്ഷ നല്കുന്നു; തന്‍റെ അഭിഷിക്തനോട് ദയ കാണിക്കുന്നു; ദാവീദിനും അവന്‍റെ സന്തതിക്കും എന്നെന്നേക്കും തന്നെ.