സങ്കീ. 138:1-8

സങ്കീ. 138:1-8 IRVMAL

ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ അങ്ങയെ കീർത്തിക്കും. ഞാൻ അങ്ങേയുടെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്, അങ്ങേയുടെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും; അങ്ങേയുടെ നാമവും അങ്ങേയുടെ കല്പനകളും അത്യുന്നതമായിരിക്കുന്നതായി അങ്ങ് തെളിയിച്ചിരിക്കുന്നു. ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് എനിക്ക് ഉത്തരം അരുളി; എന്‍റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു. യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും അങ്ങേയുടെ വായിലെ വചനങ്ങൾ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും. അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ. യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിഷ്ഠനെ അവൻ ദൂരത്തുനിന്ന് അറിയുന്നു. ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും അങ്ങ് എന്നെ സൂക്ഷിക്കും; എന്‍റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ അങ്ങ് കൈ നീട്ടും; അങ്ങേയുടെ വലങ്കൈ എന്നെ രക്ഷിക്കും. യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തീകരിക്കും; യഹോവേ, അങ്ങേയുടെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.