എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ അടിയനോടുള്ള അങ്ങേയുടെ വചനത്തെ ഓർക്കേണമേ. അങ്ങേയുടെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് എന്‍റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു. അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; എന്നാൽ ഞാൻ അങ്ങേയുടെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല. യഹോവേ, പുരാതനമായ അങ്ങേയുടെ വിധികൾ ഓർത്തു ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു. അങ്ങേയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു. ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ അങ്ങേയുടെ ചട്ടങ്ങൾ എന്‍റെ കീർത്തനം ആകുന്നു. യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; അങ്ങേയുടെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു. അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുന്നത് എനിക്ക് അനുഗ്രഹമായിരിക്കുന്നു. യഹോവേ, അങ്ങ് എന്‍റെ ഓഹരിയാകുന്നു; ഞാൻ അങ്ങേയുടെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങേയുടെ കൃപയ്ക്കായി അപേക്ഷിക്കുന്നു; അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നോട് കൃപയുണ്ടാകേണമേ. ഞാൻ എന്‍റെ വഴികളെക്കുറിച്ച് ചിന്തിച്ച്, എന്‍റെ കാലുകൾ അങ്ങേയുടെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. അങ്ങേയുടെ കല്പനകൾ പ്രമാണിക്കുവാൻ ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു; ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു; എങ്കിലും ഞാൻ അങ്ങേയുടെ ന്യായപ്രമാണം മറക്കുന്നില്ല. അങ്ങേയുടെ നീതിയുള്ള ന്യായവിധികൾനിമിത്തം അങ്ങേക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്‍ക്കും. അങ്ങയെ ഭയപ്പെടുകയും അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ സ്നേഹിതനാകുന്നു. യഹോവേ, ഭൂമി അങ്ങേയുടെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. യഹോവേ, തിരുവചനപ്രകാരം അങ്ങ് അടിയന് നന്മ ചെയ്തിരിക്കുന്നു. അങ്ങേയുടെ കല്പനകൾ ഞാൻ വിശ്വസിച്ചിരിക്കുകയാൽ എനിക്ക് നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചു തരേണമേ. കഷ്ടതയിൽ ആകുന്നതിനു മുമ്പ് ഞാൻ തെറ്റിപ്പോയി; ഇപ്പോൾ ഞാൻ അങ്ങേയുടെ വചനം പ്രമാണിക്കുന്നു. അങ്ങ് നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. അഹങ്കാരികൾ എന്നെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കി; ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കും. അവരുടെ ഹൃദയത്തില്‍ സത്യം ഇല്ല; ഞാൻ അങ്ങേയുടെ ന്യായപ്രമാണത്തിൽ രസിക്കുന്നു. അങ്ങേയുടെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്ക് ഗുണമായി. ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ അങ്ങേയുടെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.
സങ്കീ. 119 വായിക്കുക
കേൾക്കുക സങ്കീ. 119
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീ. 119:49-72
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ