സങ്കീ. 119:49-64

സങ്കീ. 119:49-64 IRVMAL

എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ അടിയനോടുള്ള അങ്ങേയുടെ വചനത്തെ ഓർക്കേണമേ. അങ്ങേയുടെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് എന്‍റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു. അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; എന്നാൽ ഞാൻ അങ്ങേയുടെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല. യഹോവേ, പുരാതനമായ അങ്ങേയുടെ വിധികൾ ഓർത്തു ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു. അങ്ങേയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു. ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ അങ്ങേയുടെ ചട്ടങ്ങൾ എന്‍റെ കീർത്തനം ആകുന്നു. യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; അങ്ങേയുടെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു. അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുന്നത് എനിക്ക് അനുഗ്രഹമായിരിക്കുന്നു. യഹോവേ, അങ്ങ് എന്‍റെ ഓഹരിയാകുന്നു; ഞാൻ അങ്ങേയുടെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു. പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങേയുടെ കൃപയ്ക്കായി അപേക്ഷിക്കുന്നു; അങ്ങേയുടെ വാഗ്ദാനപ്രകാരം എന്നോട് കൃപയുണ്ടാകേണമേ. ഞാൻ എന്‍റെ വഴികളെക്കുറിച്ച് ചിന്തിച്ച്, എന്‍റെ കാലുകൾ അങ്ങേയുടെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു. അങ്ങേയുടെ കല്പനകൾ പ്രമാണിക്കുവാൻ ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു; ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു; എങ്കിലും ഞാൻ അങ്ങേയുടെ ന്യായപ്രമാണം മറക്കുന്നില്ല. അങ്ങേയുടെ നീതിയുള്ള ന്യായവിധികൾനിമിത്തം അങ്ങേക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്‍ക്കും. അങ്ങയെ ഭയപ്പെടുകയും അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ സ്നേഹിതനാകുന്നു. യഹോവേ, ഭൂമി അങ്ങേയുടെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ.