സങ്കീ. 119:129-144

സങ്കീ. 119:129-144 IRVMAL

അങ്ങേയുടെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്‍റെ മനസ്സ് അവ പ്രമാണിക്കുന്നു. അങ്ങേയുടെ വചനങ്ങളുടെ വികാശനം പ്രകാശം പ്രദാനം ചെയ്യുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു. അങ്ങേയുടെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു. തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് അങ്ങ് ചെയ്യുന്നതുപോലെ എങ്കലേക്ക് തിരിഞ്ഞ് എന്നോട് കൃപ ചെയ്യേണമേ. എന്‍റെ കാലടികൾ അങ്ങേയുടെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ. മനുഷ്യന്‍റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ അനുസരിക്കും. അടിയന്‍റെമേൽ തിരുമുഖം പ്രകാശിപ്പിച്ച് അങ്ങേയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരേണമേ. അവർ അങ്ങേയുടെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ എന്‍റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു. യഹോവേ, അങ്ങ് നീതിമാനാകുന്നു; അങ്ങേയുടെ വിധികൾ നേരുള്ളവ തന്നെ. അങ്ങ് നീതിയോടും അത്യന്തം വിശ്വസ്തതയോടും കൂടി അങ്ങേയുടെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു. എന്‍റെ വൈരികൾ തിരുവചനങ്ങൾ മറക്കുന്നതുകൊണ്ട് എന്‍റെ എരിവ് എന്നെ സംഹരിക്കുന്നു. അങ്ങേയുടെ വചനം അത്യന്തം വിശുദ്ധമാകുന്നു; അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു. ഞാൻ എളിയവനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ അങ്ങേയുടെ പ്രമാണങ്ങൾ മറക്കുന്നില്ല. അങ്ങേയുടെ നീതി ശാശ്വതനീതിയും അങ്ങേയുടെ ന്യായപ്രമാണം സത്യവുമാകുന്നു. കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും അങ്ങേയുടെ കല്പനകൾ എന്‍റെ പ്രമോദമാകുന്നു. അങ്ങേയുടെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്ക് ബുദ്ധി നല്കേണമേ.