സങ്കീ. 103:8-17

സങ്കീ. 103:8-17 IRVMAL

യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ. ദൈവം എല്ലായ്‌പ്പോഴും ഭർത്സിക്കുകയില്ല; എന്നേക്കും കോപം സൂക്ഷിക്കുകയുമില്ല. ദൈവം നമ്മുടെ പാപങ്ങൾക്ക് തക്കവണ്ണം നമ്മളോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു തക്കവണ്ണം നമ്മളെ ശിക്ഷിക്കുന്നുമില്ല. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവിടുത്തെ ദയ അവിടുത്തെ ഭക്തന്മാരോട് വലുതായിരിക്കുന്നു. ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ ദൈവം നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു. അപ്പന് മക്കളോട് കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്‍റെ ഭക്തന്മാരോട് കരുണ തോന്നുന്നു. കർത്താവ് നമ്മുടെ പ്രകൃതം അറിയുന്നുവല്ലോ; നാം കേവലം പൊടി മാത്രം എന്നു അവിടുന്ന് ഓർക്കുന്നു. മനുഷ്യന്‍റെ ആയുസ്സ് പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവൻ പൂക്കുന്നു. കാറ്റ് അതിന്മേൽ അടിക്കുമ്പോൾ അത് ഇല്ലാതെ പോകുന്നു; അത് നിന്ന സ്ഥലം പിന്നീട് അതിനെ അറിയുകയുമില്ല. യഹോവയുടെ ദയ എന്നും എന്നേക്കും അവിടുത്തെ ഭക്തന്മാർക്കും തന്‍റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.