സങ്കീ. 102:18-28

സങ്കീ. 102:18-28 IRVMAL

വരുവാനിരിക്കുന്ന തലമുറക്കു വേണ്ടി ഇത് എഴുതിവയ്ക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും. യഹോവ ഉയരത്തിൽ, വിശുദ്ധമന്ദിരത്തിൽനിന്നു താഴേയ്ക്കു നോക്കി; സ്വർഗ്ഗത്തിൽനിന്ന് അവിടുന്ന് ഭൂമിയെ വീക്ഷിച്ചു, ബദ്ധന്മാരുടെ ഞരക്കം കേൾക്കുവാനും മരണത്തിന് നിയമിക്കപ്പെട്ടവരെ വിടുവിക്കുവാനും സീയോനിൽ യഹോവയുടെ നാമത്തെയും യെരൂശലേമിൽ അവിടുത്തെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനും യഹോവയെ സേവിക്കുവാൻ ജനതകളും രാജ്യങ്ങളും കൂടിവന്നപ്പോൾ, ദൈവം ആയുസ്സിന്‍റെ മധ്യത്തില്‍ വച്ചു എന്‍റെ ബലം ക്ഷയിപ്പിച്ചു; അവിടുന്ന് എന്‍റെ നാളുകൾ ചുരുക്കിയിരിക്കുന്നു. “എന്‍റെ ദൈവമേ, ആയുസ്സിന്‍റെ മദ്ധ്യത്തിൽ എന്നെ എടുത്തുകളയരുതേ” എന്നു ഞാൻ പറഞ്ഞു; അങ്ങേയുടെ സംവത്സരങ്ങൾ തലമുറതലമുറയായി ഇരിക്കുന്നു. പൂർവ്വകാലത്ത് അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു; ആകാശം അങ്ങേയുടെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും അവിടുന്ന് നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ അങ്ങ് അവയെ മാറ്റും; അവ മാറിപ്പോകുകയും ചെയ്യും. അവിടുന്ന് അനന്യനാകുന്നു; അങ്ങേയുടെ സംവത്സരങ്ങൾ അവസാനിക്കുകയുമില്ല. അങ്ങേയുടെ ദാസന്മാരുടെ മക്കൾ നിർഭയം വസിക്കും; അവരുടെ സന്തതി അങ്ങേയുടെ സന്നിധിയിൽ നിലനില്ക്കും.