യഹോവേ, അങ്ങ് ദൂരത്ത് നില്‍ക്കുന്നതെന്ത്? കഷ്ടകാലത്ത് അങ്ങ് മറഞ്ഞുകളയുന്നതും എന്ത്? ദുഷ്ടൻ അഹങ്കാരത്തോടെ എളിയവനെ പീഡിപ്പിക്കുന്നു; അവൻ നിരൂപിച്ച ഉപായങ്ങളിൽ അവൻ തന്നെ പിടിക്കപ്പെടട്ടെ. ദുഷ്ടൻ തന്‍റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ച് നിന്ദിക്കുന്നു. ഉന്നതഭാവമുള്ള ദുഷ്ടൻ ദൈവത്തെ അന്വേഷിക്കുന്നില്ല; ”ദൈവം ഇല്ല” എന്നാകുന്നു അവന്‍റെ നിരൂപണം ഒക്കെയും. അവന്‍റെ വഴികൾ എല്ലായ്‌പ്പോഴും സഫലമാകുന്നു; അങ്ങേയുടെ ന്യായവിധികൾ അവൻ കാണാത്തവണ്ണം ഉന്നതമാകുന്നു; തന്‍റെ സകലശത്രുക്കളോടും അവൻ ചീറുന്നു. “ഞാൻ കുലുങ്ങുകയില്ല, ഒരുനാളും അനർത്ഥത്തിൽ വീഴുകയുമില്ല” എന്നു അവൻ തന്‍റെ ഹൃദയത്തിൽ പറയുന്നു. അവന്‍റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്‍റെ നാവിൻ കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു. അവൻ ഗ്രാമങ്ങളുടെ ഒളിവിടങ്ങളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവച്ച് അവൻ നിഷ്ക്കളങ്കനെ കൊല്ലുന്നു; അവൻ രഹസ്യമായി അഗതിയുടെമേൽ കണ്ണ് വച്ചിരിക്കുന്നു. സിംഹം മുറ്റുകാട്ടിൽ ഇര പിടിക്കാൻ പതുങ്ങുന്നതുപോലെ; എളിയവനെ പിടിക്കുവാൻ അവൻ പതിയിരിക്കുന്നു; എളിയവനെ തന്‍റെ വലയിൽ ചാടിച്ചു പിടിക്കുന്നു. അവൻ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; അഗതികൾ അവന്‍റെ ബലത്താൽ വീണുപോകുന്നു. “ദൈവം മറന്നിരിക്കുന്നു, അവിടുന്ന് തന്‍റെ മുഖം മറച്ചിരിക്കുന്നു; ദൈവം ഒരുനാളും കാണുകയില്ല” എന്നു അവൻ ഹൃദയത്തിൽ പറയുന്നു. യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയർത്തണമേ; എളിയവരെ മറക്കരുതേ. ദുഷ്ടൻ ദൈവത്തെ നിന്ദിക്കുന്നതും “ദൈവം കണക്ക് ചോദിക്കുകയില്ല” എന്നു തന്‍റെ ഉള്ളിൽ പറയുന്നതും എന്തിന്? അങ്ങ് അത് കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്യുവാൻ ദോഷത്തെയും പകയെയും അവിടുന്ന് നോക്കിക്കണ്ടിരിക്കുന്നു; അഗതി സ്വയം അങ്ങേയുടെ കൈകളിൽ ഏല്പിക്കുന്നു; അനാഥന് അവിടുന്ന് സഹായി ആകുന്നു. ദുഷ്ടന്‍റെ ഭുജത്തെ അവിടുന്ന് ഒടിക്കണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുംവരെ അതിന് പ്രതികാരം ചെയ്യണമേ.
സങ്കീ. 10 വായിക്കുക
കേൾക്കുക സങ്കീ. 10
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സങ്കീ. 10:1-15
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ