എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും. എന്‍റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ട്. എന്‍റെ ഫലം പൊന്നിലും തങ്കത്തിലും എന്‍റെ ആദായം മേല്ത്തരമായ വെള്ളിയിലും നല്ലത്. എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കിക്കൊടുക്കുകയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യേണ്ടതിന് ഞാൻ നീതിയുടെ മാർഗ്ഗത്തിലും ന്യായത്തിന്‍റെ പാതകളിലും നടക്കുന്നു. യഹോവ പണ്ടുപണ്ടേ തന്‍റെ വഴിയുടെ ആരംഭമായി, തന്‍റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി. ഞാൻ പുരാതനമേ, ആദിയിൽ തന്നെ, ഭൂമിയുടെ ഉല്പത്തിക്ക് മുമ്പ് നിയമിക്കപ്പെട്ടിരിക്കുന്നു. ആഴങ്ങൾ ഇല്ലാതിരുന്നപ്പോൾ ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകൾ ഇല്ലാതിരുന്നപ്പോൾ തന്നെ. പർവ്വതങ്ങൾ സ്ഥാപിച്ചതിനു മുമ്പെയും കുന്നുകൾക്കു മുമ്പെയും ഞാൻ ജനിച്ചിരിക്കുന്നു. അവിടുന്ന് ഭൂമിയെയും വയലുകളെയും ഭൂതലത്തിന്‍റെ പൊടിയുടെ തുകയെയും ഉണ്ടാക്കിയിട്ടില്ലാത്ത സമയത്ത് തന്നെ. അവിടുന്ന് ആകാശത്തെ ഉറപ്പിച്ചപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു; അവിടുന്ന് ആഴത്തിന്‍റെ ഉപരിഭാഗത്ത് വൃത്തം വരച്ചപ്പോഴും അവിടുന്ന് മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്‍റെ ഉറവുകളെ ബലപ്പെടുത്തിയപ്പോഴും വെള്ളം അവിടുത്തെ കല്പനയെ അതിക്രമിക്കാത്തവണ്ണം അവിടുന്ന് സമുദ്രത്തിന് അതിരിട്ടപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും ഞാൻ അവിടുത്തെ അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവിടുത്തെ മുമ്പിൽ വിനോദിച്ചുകൊണ്ട് ദിനംപ്രതി അവിടുത്തെ പ്രമോദമായിരുന്നു. അവിടുത്തെ ഭൂതലത്തിൽ ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്‍റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടി ആയിരുന്നു. ആകയാൽ മക്കളേ, എന്‍റെ വാക്ക് കേട്ടുകൊള്ളുവിൻ; എന്‍റെ വഴികളെ പ്രമാണിക്കുന്നവർ ഭാഗ്യവാന്മാർ. പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിക്കുവിൻ; അതിനെ ത്യജിച്ചുകളയരുത്. ദിവസംപ്രതി എന്‍റെ പടിവാതില്ക്കൽ ജാഗരിച്ചും എന്‍റെ വാതില്ക്കൽ കാത്തുകൊണ്ടും എന്‍റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ. എന്നെ കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു. എന്നോട് പാപം ചെയ്യുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.”
സദൃ. 8 വായിക്കുക
കേൾക്കുക സദൃ. 8
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സദൃ. 8:17-36
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ