സദൃ. 8:1-21

സദൃ. 8:1-21 IRVMAL

ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവൾ തന്‍റെ സ്വരം ഉയർത്തുന്നില്ലയോ? അവൾ വഴിയരികിൽ കുന്നുകളുടെ മുകളിൽ, പാതകൾ കൂടുന്നേടത്ത് നില്ക്കുന്നു. അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്‍ക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്: “പുരുഷന്മാരേ, ഞാൻ നിങ്ങളോട് വിളിച്ചു പറയുന്നു; എന്‍റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്ക് വരുന്നു. അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്ളുവിൻ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിൻ. കേൾക്കുവിൻ, ഞാൻ ഉൽകൃഷ്ടമായത് സംസാരിക്കും; എന്‍റെ അധരങ്ങൾ തുറക്കുന്നത് നേരിന് ആയിരിക്കും. എന്‍റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്‍റെ അധരങ്ങൾക്ക് അറപ്പാകുന്നു. എന്‍റെ വായിലെ മൊഴി സകലവും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല. അവയെല്ലാം ബുദ്ധിമാന് തെളിവും പരിജ്ഞാനം ലഭിച്ചവർക്ക് നേരും ആകുന്നു. വെള്ളിയെക്കാൾ എന്‍റെ പ്രബോധനവും മേൽത്തരമായ പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊള്ളുവിൻ. ജ്ഞാനം മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല. ജ്ഞാനം എന്ന ഞാൻ സൂക്ഷ്മബുദ്ധിയോടൊപ്പം വസിക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാൻ കണ്ടെത്തുന്നു. യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുർമാർഗ്ഗം, വക്രതയുള്ള വായ് എന്നിവ ഞാൻ പകക്കുന്നു. ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; ഞാൻ തന്നെ വിവേകം; എനിക്ക് വീര്യബലം ഉണ്ട്. ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാർ നീതി നടത്തുന്നു. ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു. എന്നെ സ്നേഹിക്കുന്നവരെ ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും. എന്‍റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ട്. എന്‍റെ ഫലം പൊന്നിലും തങ്കത്തിലും എന്‍റെ ആദായം മേല്ത്തരമായ വെള്ളിയിലും നല്ലത്. എന്നെ സ്നേഹിക്കുന്നവർക്ക് വസ്തുവക അവകാശമാക്കിക്കൊടുക്കുകയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യേണ്ടതിന് ഞാൻ നീതിയുടെ മാർഗ്ഗത്തിലും ന്യായത്തിന്‍റെ പാതകളിലും നടക്കുന്നു.