ദുഷ്ടന്മാരോട് അസൂയപ്പെടരുത്; അവരോടുകൂടി ഇരിക്കുവാൻ ആഗ്രഹിക്കുകയുമരുത്. അവരുടെ ഹൃദയം അക്രമം മെനയുന്നു; കലഹം ഉണ്ടാക്കുവാൻ അവരുടെ അധരങ്ങൾ ഉപയോഗിക്കുന്നു. ജ്ഞാനംകൊണ്ട് ഭവനം പണിയുന്നു; വിവേകംകൊണ്ട് അത് സ്ഥിരമായിവരുന്നു. പരിജ്ഞാനംകൊണ്ട് അതിന്‍റെ മുറികളിൽ വിലയേറിയതും മനോഹരവുമായ സകലസമ്പത്തും നിറഞ്ഞുവരുന്നു. ജ്ഞാനിയായ പുരുഷൻ ബലവാനാകുന്നു; പരിജ്ഞാനമുള്ളവൻ ബലം വർദ്ധിപ്പിക്കുന്നു. ബുദ്ധിയുള്ള ആലോചനയാൽ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്. ജ്ഞാനം ഭോഷന് അപ്രാപ്യമായിരിക്കുന്നു; അവൻ പട്ടണവാതില്‍ക്കൽ വായ് തുറക്കുന്നില്ല. ദോഷം ചെയ്യുവാൻ നിരൂപിക്കുന്നവനെ ദുഷ്ക്കർമ്മി എന്നു പറഞ്ഞുവരുന്നു; ഭോഷന്‍റെ നിരൂപണം പാപം തന്നെ; പരിഹാസി മനുഷ്യർക്ക് വെറുപ്പാകുന്നു. കഷ്ടകാലത്ത് നീ പതറിപ്പോയാൽ നിന്‍റെ ബലം കുറഞ്ഞുപോകും. മരണത്തിന് കൊണ്ടുപോകുന്നവരെ വിടുവിക്കുക; കൊലക്കളത്തിലേക്ക് വിറച്ച് ചെല്ലുന്നവരെ രക്ഷിക്കുവാൻ ശ്രമിക്കുക. “ഞങ്ങൾ അറിഞ്ഞില്ലല്ലോ” എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവൻ ഗ്രഹിക്കുകയില്ലയോ? നിന്‍റെ പ്രാണനെ കാക്കുന്നവൻ അറിയുകയില്ലയോ? അവിടുന്ന് മനുഷ്യന് പ്രവൃത്തിക്ക് തക്കവണ്ണം പകരം കൊടുക്കുകയില്ലയോ? മകനേ, തേൻ തിന്നുക; അത് നല്ലതല്ലോ; തേങ്കട്ട നിന്‍റെ അണ്ണാക്കിന് മധുരമത്രേ. ജ്ഞാനവും നിന്‍റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിയുക; നീ അത് പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്‍റെ പ്രത്യാശക്ക് ഭംഗം വരികയുമില്ല. ദുഷ്ടാ, നീ നീതിമാന്‍റെ പാർപ്പിടത്തിന് പതിയിരിക്കരുത്; അവന്‍റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കുകയുമരുത്. നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്‍ക്കും; ദുഷ്ടന്മാരോ അനർത്ഥത്തിൽ നശിച്ചുപോകും. നിന്‍റെ ശത്രു വീഴുമ്പോൾ സന്തോഷിക്കരുത്; അവൻ ഇടറുമ്പോൾ നിന്‍റെ ഹൃദയം ആനന്ദിക്കരുത്. യഹോവ കണ്ടിട്ട് അവിടുത്തേയ്ക്ക് ഇഷ്ടക്കേടാകുവാനും തന്‍റെ കോപം അവങ്കൽനിന്ന് മാറ്റിക്കളയുവാനും മതി.
സദൃ. 24 വായിക്കുക
കേൾക്കുക സദൃ. 24
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: സദൃ. 24:1-18
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ