സദൃ. 17:12-22

സദൃ. 17:12-22 IRVMAL

മൂഢനെ അവന്‍റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാൾ കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നത് ഭേദം. ഒരുത്തൻ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്‍റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല. കലഹത്തിന്‍റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക. ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്ക് വെറുപ്പ്. മൂഢന് ജ്ഞാനം സമ്പാദിക്കുവാൻ ബുദ്ധിയില്ലാതിരിക്കുമ്പോൾ അത് വാങ്ങുവാൻ അവന്‍റെ കയ്യിൽ പണം എന്തിന്? സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനർത്ഥകാലത്ത് അവൻ സഹോദരനായിത്തീരുന്നു. ബുദ്ധിഹീനനായ മനുഷ്യൻ കയ്യടിച്ച് കൂട്ടുകാരനു വേണ്ടി ജാമ്യം നില്ക്കുന്നു. കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; അഹങ്കരാത്തോടെ സംസാരിക്കുന്നവന്‍ നാശം ഇച്ഛിക്കുന്നു. വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികടനാവുള്ളവൻ ആപത്തിൽ അകപ്പെടും. ഭോഷനെ ജനിപ്പിച്ചവന് അത് ഖേദകാരണമാകും; മൂഢന്‍റെ അപ്പന് സന്തോഷം ഉണ്ടാകുകയില്ല. സന്തുഷ്ടഹൃദയം നല്ലൊരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.