പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്: നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും എണ്ണം നോക്കി പടക്കുപോയ യോദ്ധാക്കൾക്കും സഭയ്ക്കും ഇങ്ങനെ രണ്ടു ഓഹരിയായി കൊള്ള വിഭാഗിക്കുവിൻ. യുദ്ധത്തിന് പോയ യോദ്ധാക്കളോട് മനുഷ്യരിലും മാട്, കഴുത, ആട് എന്നിവയിലും അഞ്ഞൂറിൽ ഒന്ന് യഹോവയുടെ ഓഹരിയായി വാങ്ങേണം. അവർക്കുള്ള പകുതിയിൽനിന്ന് അത് എടുത്ത് യഹോവയ്ക്ക് ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിന് കൊടുക്കേണം. എന്നാൽ യിസ്രായേൽമക്കൾക്കുള്ള പകുതിയിൽനിന്ന് മനുഷ്യരിലും മാട്, കഴുത, ആട് മുതലായ സകലവിധമൃഗങ്ങളിലും അമ്പതിൽ ഒന്ന് എടുത്ത് യഹോവയുടെ തിരുനിവാസത്തിൽ വേലചെയ്യുന്ന ലേവ്യർക്ക് കൊടുക്കേണം.” യഹോവ മോശെയോട് കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.
യോദ്ധാക്കൾ കൈവശമാക്കിയതിന് പുറമെയുള്ള കൊള്ള ആറു ലക്ഷത്തി എഴുപത്തി അയ്യായിരം (6,75,000) ആടുകളും എഴുപത്തി രണ്ടായിരം (72,000) മാടും അറുപത്തിഒന്ന് ആയിരം (61,000) കഴുതകളും പുരുഷനോടുകൂടി ശയിക്കാത്ത സ്ത്രീകൾ എല്ലാവരുംകൂടി മുപ്പത്തി രണ്ടായിരം (32,000) പേരും ആയിരുന്നു. യുദ്ധത്തിന് പോയവരുടെ ഓഹരിക്കുള്ള പകുതിയിൽ ആടുകൾ മൂന്നുലക്ഷത്തിമുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് (3,37,500). ആടുകളിൽ യഹോവയ്ക്കുള്ള ഓഹരി അറുനൂറ്റി എഴുപത്തഞ്ച് (675); കന്നുകാലികൾ മുപ്പത്താറായിരം (36,000); അതിൽ യഹോവയ്ക്കുള്ള ഓഹരി എഴുപത്തിരണ്ട്; കഴുതകൾ മുപ്പതിനായിരത്തഞ്ഞൂറ് (30,500); അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്ന്; ആളുകൾ പതിനാറായിരം (16,000); അവരിൽ യഹോവയ്ക്കുള്ള ഓഹരി മുപ്പത്തിരണ്ടു. യഹോവയ്ക്ക് ഉദർച്ചാർപ്പണമായിരുന്ന ഓഹരി യഹോവ മോശെയോട് കല്പിച്ചതുപോലെ മോശെ പുരോഹിതനായ എലെയാസാരിന് കൊടുത്തു.
മോശെ പടയാളികളുടെ പക്കൽനിന്ന് യിസ്രായേൽ മക്കൾക്ക് വിഭാഗിച്ചുകൊടുത്ത പകുതിയിൽനിന്ന് - സഭയ്ക്കുള്ള പകുതി മൂന്നുലക്ഷത്തിമുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് (3,37,500) ആടുകളും മുപ്പത്താറായിരം (36,000) മാടുകളും മുപ്പതിനായിരത്തി അഞ്ഞൂറ് (30,500) കഴുതകളും പതിനാറായിരം (16,000) ആളുകളും ആയിരുന്നു - യിസ്രായേൽ മക്കളുടെ പകുതിയിൽനിന്ന് മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്ന് എടുത്ത് യഹോവ മോശെയോട് കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യർക്ക് കൊടുത്തു. പിന്നെ സൈന്യസഹസ്രങ്ങൾക്ക് നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കൽവന്ന് മോശെയോട്: “അടിയങ്ങൾ അടിയങ്ങളുടെ കീഴിലുള്ള യോദ്ധാക്കളുടെ എണ്ണം നോക്കി, ഒരുത്തനും കുറഞ്ഞുപോയിട്ടില്ല. അതുകൊണ്ട് ഞങ്ങൾക്ക് ഓരോരുത്തന് കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുക്ക്, കടകം എന്നിവ യഹോവയുടെ സന്നിധിയിൽ ഞങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഞങ്ങൾ യഹോവയ്ക്ക് വഴിപാടായി കൊണ്ടുവന്നിരിക്കുന്നു” എന്നു പറഞ്ഞു.
മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്ന് അവരോട് വാങ്ങി. സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവയ്ക്ക് ഉദർച്ചാർപ്പണം ചെയ്ത പൊന്ന് എല്ലാംകൂടി പതിനാറായിരത്തി എഴുനൂറ്റമ്പത് (16,750) ശേക്കൽ ആയിരുന്നു. യോദ്ധാക്കളിൽ ഒരോരുത്തനും തനിക്കുവേണ്ടി കൊള്ളമുതൽ എടുത്തിട്ടുണ്ടായിരുന്നു. മോശെയും പുരോഹിതനായ എലെയാസാരും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്ന് വാങ്ങി യഹോവയുടെ സന്നിധിയിൽ യിസ്രായേൽ മക്കളുടെ ഓർമ്മയ്ക്കായി സമാഗമനകൂടാരത്തിൽ കൊണ്ടുപോയി.