സംഖ്യ. 29:1-11

സംഖ്യ. 29:1-11 IRVMAL

“ഏഴാം മാസം ഒന്നാം തീയതി വിശുദ്ധസഭായോഗം കൂടേണം; അന്നു വേലയൊന്നും ചെയ്യരുത്; അത് നിങ്ങൾക്ക് കാഹളനാദോത്സവം ആകുന്നു. അന്നു നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഏഴു കുഞ്ഞാട് എന്നിവയെ ഹോമയാഗമായി അർപ്പിക്കേണം. അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് കാളയ്ക്ക് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും, ഏഴു കുഞ്ഞാടുകളിൽ ഓരോന്നിന് ഒരു ഇടങ്ങഴി വീതവും ആയിരിക്കേണം. നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം. അമാവാസിയിലെ ഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും ദിനംതോറുമുള്ള ഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും അവയുടെ നിയമപ്രകാരമുള്ള പാനീയയാഗങ്ങൾക്കും പുറമെ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഇവ അർപ്പിക്കേണം. ഏഴാം മാസം പത്താം തീയതി വിശുദ്ധസഭായോഗം കൂടേണം; അന്നു നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തണം; വേലയൊന്നും ചെയ്യരുത്. എന്നാൽ യഹോവയ്ക്ക് സുഗന്ധവാസനയായ ഹോമയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഏഴു കുഞ്ഞാട് എന്നിവ അർപ്പിക്കേണം. അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് കാളയ്ക്ക് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും ഏഴു കുഞ്ഞാടുകളിൽ ഓരോന്നിന് ഒരു ഇടങ്ങഴി വീതവും ആയിരിക്കേണം. പ്രായശ്ചിത്തയാഗത്തിനും നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.