സംഖ്യ. 21:1-9

സംഖ്യ. 21:1-9 IRVMAL

യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്നു തെക്കേ ദേശത്ത് വസിച്ചിരുന്ന കനാന്യനായ അരാദ് രാജാവ് കേട്ടപ്പോൾ അവൻ യിസ്രായേലിനോട് യുദ്ധം തുടങ്ങി ചിലരെ പിടിച്ചുകൊണ്ടുപോയി. അപ്പോൾ യിസ്രായേൽ യഹോവയ്ക്ക് ഒരു നേർച്ചനേർന്നു: “ഈ ജനത്തെ അവിടുന്ന് എന്‍റെ കയ്യിൽ ഏല്പിച്ചുതരുമെങ്കിൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും” എന്നു യഹോവയോട് ശപഥം ചെയ്തു. യഹോവ യിസ്രായേലിന്‍റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന് ഹോർമ്മാ എന്നു പേരായി. പിന്നെ അവർ ഏദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർ പർവ്വതത്തിൽനിന്ന് ചെങ്കടൽവഴിയായി യാത്ര പുറപ്പെട്ടു; വഴിമദ്ധ്യേ ജനത്തിന്‍റെ മനസ്സ് ക്ഷീണിച്ച്. ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മരിക്കേണ്ടതിന് നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ നിസ്സാരമായ ആഹാരം ഞങ്ങൾക്ക് വെറുപ്പാകുന്നു” എന്നു പറഞ്ഞു. അപ്പോൾ യഹോവ ജനത്തിന്‍റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു. ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; “ഞങ്ങൾ യഹോവയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുവാൻ യഹോവയോട് പ്രാർത്ഥിക്കണം” എന്നു പറഞ്ഞു; മോശെ ജനത്തിനുവേണ്ടി പ്രാർത്ഥിച്ചു. യഹോവ മോശെയോട്: “ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്ന വ്യക്തി അതിനെ നോക്കിയാൽ ജീവിക്കും” എന്നു പറഞ്ഞു. അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പത്തിന്‍റെ കടിയേറ്റ ആരെങ്കിലും താമ്രസർപ്പത്തെ നോക്കിയാൽ അവൻ ജീവിക്കും.