നെഹെ. 4:14-20

നെഹെ. 4:14-20 IRVMAL

ഞാൻ നോക്കി എഴുന്നേറ്റ്, പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: “നിങ്ങൾ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കും വേണ്ടി പൊരുതുവിൻ” എന്നു പറഞ്ഞു. ഞങ്ങൾക്ക് അറിവ് കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം ഞങ്ങൾ എല്ലാവരും മതിലിന്‍റെ പണിയിൽ അവരവരുടെ വേലയ്ക്ക് മടങ്ങിചെല്ലുവാനിടയായി. അന്നുമുതൽ എന്‍റെ ഭൃത്യന്മാരിൽ പകുതിപേർ വേലയ്ക്കും, പകുതിപേർ കുന്തവും പരിചയും വില്ലും കവചവും ധരിച്ചും നിന്നു. മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാർ നിന്നു. ചുമടെടുക്കുന്ന ചുമട്ടുകാർ ഒരു കൈകൊണ്ട് വേല ചെയ്യുകയും മറ്റെ കൈകൊണ്ട് ആയുധം പിടിക്കയും ചെയ്തു. പണിയുന്നവർ അരയ്ക്ക് വാൾ കെട്ടിക്കൊണ്ട് പണിതു. എന്നാൽ കാഹളം ഊതുന്നവൻ എന്‍റെ അടുക്കൽ തന്നെ ആയിരുന്നു. ഞാൻ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: “വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേൽ ചിതറി തമ്മിൽതമ്മിൽ അകന്നിരിക്കുന്നു. നിങ്ങൾ കാഹളനാദം കേൾക്കുന്ന സ്ഥലത്ത് ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്ക് വേണ്ടി യുദ്ധം ചെയ്യും” എന്നു പറഞ്ഞു.