മർക്കൊ. 9:33-50

മർക്കൊ. 9:33-50 IRVMAL

അവൻ കഫർന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: “നിങ്ങൾ വഴിയിൽവച്ചു തമ്മിൽ വാദിച്ചതെന്ത്?” എന്നു ശിഷ്യന്മാരോട് ചോദിച്ചു. അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവച്ചു വാദിച്ചിരുന്നതുകൊണ്ടു മിണ്ടാതിരുന്നു. അവൻ ഇരുന്നിട്ട് പന്തിരുവരെയും ഒരുമിച്ചുവിളിച്ചു: “ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുവിലത്തവനും എല്ലാവർക്കും ശുശ്രൂഷകനും ആകേണം” എന്നു പറഞ്ഞു. അവൻ ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിർത്തി. ആ ശിശുവിനെ തന്‍റെ കരങ്ങളിൽ എടുത്തുംകൊണ്ട് അവരോട് പറഞ്ഞു: “ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്‍റെ നാമത്തിൽ സ്വീകരിക്കുന്നവൻ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ സ്വീകരിക്കുന്നു” എന്നു പറഞ്ഞു. യോഹന്നാൻ അവനോട്: “ഗുരോ, ഒരുവൻ നിന്‍റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു” എന്നു പറഞ്ഞു. അതിന് യേശു പറഞ്ഞത്: “അവനെ വിരോധിക്കരുത്; എന്‍റെ നാമത്തിൽ ഒരു വീര്യപ്രവൃത്തി ചെയ്തിട്ട് വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല. നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കുള്ളവനല്ലോ. നിങ്ങൾ ക്രിസ്തുവിനുള്ളവരാകകൊണ്ട് ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്ക് കുടിക്കുവാൻ തന്നാൽ അവനു പ്രതിഫലം കിട്ടാതിരിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. ”എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുവന് ഇടർച്ചവരുത്തുന്നവന്‍റെ കഴുത്തിൽ വലിയൊരു തിരികല്ല് കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നത് അവനു ഏറെ നല്ലത്. നിന്‍റെ കൈ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: അംഗവൈകല്യമുള്ളവനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനേക്കാൾ നിനക്കു നല്ലത്. നിന്‍റെ കാൽ നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക: മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി നരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ നിനക്കു നല്ലത്. നിന്‍റെ കണ്ണ് നിനക്കു ഇടർച്ച വരുത്തിയാൽ അതിനെ ചൂഴ്ന്നുകളയുക; രണ്ടു കണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള അഗ്നിനരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു നിനക്കു നല്ലത്. ”എല്ലാവരേയും തീകൊണ്ട് ഉപ്പിടും. ഉപ്പ് നല്ലത് തന്നെ; ഉപ്പ് കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന് വീണ്ടും രസം വരുത്തും? നിങ്ങളിൽതന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.”