മർക്കൊ. 4:30-41

മർക്കൊ. 4:30-41 IRVMAL

പിന്നെ അവൻ പറഞ്ഞത്: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കും? ഏത് ഉപമയാൽ അതിനെ വിശദീകരിക്കും? അത് ഒരു കടുകുമണിയോട് സദൃശം; അതിനെ വിതയ്ക്കുമ്പോൾ മണ്ണിലെ എല്ലാവിത്തിലും ചെറിയത്. എങ്കിലും വിതച്ചശേഷം വളർന്ന്, സകല സസ്യങ്ങളിലും വലുതായിത്തീർന്നു, ആകാശത്തിലെ പക്ഷികൾ അതിന്‍റെ തണലിൽ കൂടുകൂട്ടുവാൻ തക്കവണ്ണം വലുതായ കൊമ്പുകളെ പുറപ്പെടുവിക്കുന്നു.” അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്ക് ഗ്രഹിപ്പാൻ കഴിയുംപോലെ അവരോട് വചനം പറഞ്ഞുപോന്നു. ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ തന്‍റെ ശിഷ്യന്മാരോട് സകലവും വ്യാഖ്യാനിക്കും. അന്നു സന്ധ്യയായപ്പോൾ: “നാം അക്കരയ്ക്ക് പോക“ എന്നു അവൻ അവരോട് പറഞ്ഞു. അവർ പുരുഷാരത്തെ വിട്ടു, യേശു പടകിൽ തന്നേയായിരുന്നു, ശിഷ്യന്മാർ അവനെ കൂടെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ട് അത് മുങ്ങാറായി. അവൻ അമരത്ത് തലയണ വച്ച് ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: “ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ?” എന്നു പറഞ്ഞു. അവൻ എഴുന്നേറ്റ് കാറ്റിനെ ശാസിച്ചു, കടലിനോട്: “ശാന്തമാക, അടങ്ങുക” എന്നു പറഞ്ഞു; കാറ്റ് നിന്നു, വലിയ ശാന്തത ഉണ്ടായി. പിന്നെ അവൻ അവരോട്: “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലയോ?” എന്നു പറഞ്ഞു. അവർ വളരെ ഭയപ്പെട്ടു: “കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ?” എന്നു തമ്മിൽ പറഞ്ഞു.