അവൻ പിന്നെയും കടല്ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്‍റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു. പിന്നെ അവൻ കടന്നുപോകുമ്പോൾ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ടു: “എന്നെ അനുഗമിക്ക” എന്നു പറഞ്ഞു; അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. യേശു ലേവിയുടെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്‍റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു. അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ട് അവന്‍റെ ശിഷ്യന്മാരോട്: “അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നു കുടിക്കുന്നതെന്ത്?“ എന്നു ചോദിച്ചു. യേശു അതു കേട്ട് അവരോട്: “രോഗികൾക്കല്ലാതെ ആരോഗ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിക്കുവാൻ വന്നത്“ എന്നു പറഞ്ഞു. യോഹന്നാന്‍റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുക പതിവായിരുന്നു; അവർ വന്നു അവനോട്: “യോഹന്നാന്‍റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്‍റെ ശിഷ്യന്മാർ ഉപവസിക്കാത്തതെന്ത്?“ എന്നു ചോദിച്ചു. യേശു അവരോട് പറഞ്ഞത്:മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാർക്ക് ഉപവസിക്കുവാൻ കഴിയുമോ? മണവാളൻ കൂടെ ഇരിക്കുംകാലത്തോളം അവർക്ക് ഉപവസിക്കുവാൻ കഴിയുകയില്ല. എന്നാൽ മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; ആ നാളുകളിൽ അവർ ഉപവസിക്കും. പഴയ വസ്ത്രത്തിൽ പുതിയതുണിക്കഷണം ആരും ചേർത്ത് തുന്നുമാറില്ല; തുന്നിയാൽ ചേർത്ത പുതിയ കഷണം പഴയതിൽ നിന്നു വലിഞ്ഞിട്ട് കീറൽ ഏറ്റവും വല്ലാതെ ആകും. ആരും പുതിയ വീഞ്ഞ് പഴയ തുരുത്തിയിൽ പകർന്നു വയ്ക്കുമാറില്ല; വച്ചാൽ പുതുവീഞ്ഞ് തുരുത്തിയെ പൊളിക്കും; വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞ് പുതിയ തുരുത്തിയിലത്രേ പകർന്നു വയ്ക്കേണ്ടത്. യേശു ശബ്ബത്തിൽ ഒരു വയലിൽകൂടി കടന്നുപോകുമ്പോൾ അവന്‍റെ ശിഷ്യന്മാർ വഴി നടക്കയിൽ കതിർ പറിച്ചു തിന്നുതുടങ്ങി. പരീശന്മാർ അവനോട്: ”നോക്കൂ, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തത് ചെയ്യുന്നതെന്ത്?” എന്നു പറഞ്ഞു. അവൻ അവരോട്: ”ദാവീദ്, തനിക്കും കൂടെയുള്ളവർക്കും മുട്ടുണ്ടാകുകയും വിശക്കുകയും ചെയ്തപ്പോൾ ചെയ്തതു എന്ത്? അവൻ അബ്യാഥാർ മഹാപുരോഹിതന്‍റെ കാലത്ത് ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കല്ലാതെ ആർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു, കൂടെയുള്ളവർക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു. പിന്നെ യേശു അവരോട്: ”മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായത്; അതുകൊണ്ട് മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവ് ആകുന്നു” എന്നു പറഞ്ഞു.
മർക്കൊ. 2 വായിക്കുക
കേൾക്കുക മർക്കൊ. 2
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കൊ. 2:13-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ