യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്‍റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെങ്കൽഭരണിയിൽ വളരെ വിലയേറിയതും ശുദ്ധവുമായ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ച് അവന്‍റെ തലയിൽ ഒഴിച്ചു. അവിടെ ചിലർ ദേഷ്യത്തോടെ: “തൈലത്തിന്‍റെ ഈ വെറും ചെലവ് എന്തിന്? ഇതു മുന്നൂറിൽ അധികം വെള്ളിക്കാശിന് വിറ്റ് ദരിദ്രർക്കു കൊടുക്കുവാൻ കഴിയുമായിരുന്നുവല്ലോ” എന്നിങ്ങനെ തമ്മിൽ പറഞ്ഞു, അവളെ ശാസിച്ചു. എന്നാൽ യേശു: “അവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എനിക്ക് ഒരു നല്ലകാര്യം ചെയ്തിരിക്കുന്നു. ദരിദ്രർ എല്ലായ്‌പ്പോഴും നിങ്ങളുടെ അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്ക് നന്മചെയ്‌വാൻ നിങ്ങൾക്ക് കഴിയും; ഞാനോ എല്ലായ്‌പ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല. അവളാൽ കഴിയുന്നത് അവൾ ചെയ്തു; എന്‍റെ സംസ്ക്കാരത്തിനുവേണ്ടി അവൾ മുമ്പുകൂട്ടി എന്‍റെ ദേഹത്തിന് തൈലാഭിഷേകം ചെയ്തു. സുവിശേഷം ലോകത്തിൽ പ്രസംഗിക്കുന്നിടത്തെല്ലാം അവൾ ചെയ്തതു അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.” പിന്നെ പന്തിരുവരിൽ ഒരുവനായ ഈസ്കര്യോത്താ യൂദാ യേശുവിനെ മഹാപുരോഹിതൻമാർക്ക് ഏല്പിച്ചുകൊടുക്കേണ്ടതിന് അവരുടെ അടുക്കൽ ചെന്നു. അവർ അതു കേട്ടു സന്തോഷിച്ച് അവനു പണം കൊടുക്കാം എന്നു വാഗ്ദാനം ചെയ്തു; അവൻ യേശുവിനെ എങ്ങനെ അവർക്കു ഏല്പിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു. പെസഹ കുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോട്: ”അങ്ങേക്ക് പെസഹ കഴിക്കുവാൻ ഞങ്ങൾ എവിടെ ഒരുക്കേണം?” എന്നു ചോദിച്ചു. അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു: ”നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടുവരുന്ന ഒരു മനുഷ്യൻ നിങ്ങളെ കണ്ടുമുട്ടും. അവന്‍റെ പിന്നാലെ ചെല്ലുക അവൻ കടക്കുന്ന വീട്ടിൽ ചെന്നു ആ വീട്ടുടയവനോട്: ഞാൻ എന്‍റെ ശിഷ്യന്മാരുമായി പെസഹ കഴിക്കുവാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ” എന്നു പറഞ്ഞു. ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
മർക്കൊ. 14 വായിക്കുക
കേൾക്കുക മർക്കൊ. 14
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മർക്കൊ. 14:3-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ