മർക്കൊ. 14:1-25

മർക്കൊ. 14:1-25 IRVMAL

രണ്ടു ദിവസം കഴിഞ്ഞിട്ട് പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെയും ഉത്സവം ആയിരുന്നു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ ഉപായത്താൽ പിടിച്ച് കൊല്ലേണ്ടത് എങ്ങനെ എന്നു അന്വേഷിച്ചു. ജനത്തിൽ കലഹം ഉണ്ടാകാതിരിക്കുവാൻ ഉത്സവത്തിൽ അരുത് എന്നു അവർ പറഞ്ഞു. യേശു ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്‍റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെങ്കൽഭരണിയിൽ വളരെ വിലയേറിയതും ശുദ്ധവുമായ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ച് അവന്‍റെ തലയിൽ ഒഴിച്ചു. അവിടെ ചിലർ ദേഷ്യത്തോടെ: “തൈലത്തിന്‍റെ ഈ വെറും ചെലവ് എന്തിന്? ഇതു മുന്നൂറിൽ അധികം വെള്ളിക്കാശിന് വിറ്റ് ദരിദ്രർക്കു കൊടുക്കുവാൻ കഴിയുമായിരുന്നുവല്ലോ” എന്നിങ്ങനെ തമ്മിൽ പറഞ്ഞു, അവളെ ശാസിച്ചു. എന്നാൽ യേശു: “അവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവൾ എനിക്ക് ഒരു നല്ലകാര്യം ചെയ്തിരിക്കുന്നു. ദരിദ്രർ എല്ലായ്‌പ്പോഴും നിങ്ങളുടെ അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവർക്ക് നന്മചെയ്‌വാൻ നിങ്ങൾക്ക് കഴിയും; ഞാനോ എല്ലായ്‌പ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല. അവളാൽ കഴിയുന്നത് അവൾ ചെയ്തു; എന്‍റെ സംസ്ക്കാരത്തിനുവേണ്ടി അവൾ മുമ്പുകൂട്ടി എന്‍റെ ദേഹത്തിന് തൈലാഭിഷേകം ചെയ്തു. സുവിശേഷം ലോകത്തിൽ പ്രസംഗിക്കുന്നിടത്തെല്ലാം അവൾ ചെയ്തതു അവളുടെ ഓർമ്മയ്ക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു.” പിന്നെ പന്തിരുവരിൽ ഒരുവനായ ഈസ്കര്യോത്താ യൂദാ യേശുവിനെ മഹാപുരോഹിതൻമാർക്ക് ഏല്പിച്ചുകൊടുക്കേണ്ടതിന് അവരുടെ അടുക്കൽ ചെന്നു. അവർ അതു കേട്ടു സന്തോഷിച്ച് അവനു പണം കൊടുക്കാം എന്നു വാഗ്ദാനം ചെയ്തു; അവൻ യേശുവിനെ എങ്ങനെ അവർക്കു ഏല്പിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു. പെസഹ കുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോട്: ”അങ്ങേക്ക് പെസഹ കഴിക്കുവാൻ ഞങ്ങൾ എവിടെ ഒരുക്കേണം?” എന്നു ചോദിച്ചു. അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു: ”നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടുവരുന്ന ഒരു മനുഷ്യൻ നിങ്ങളെ കണ്ടുമുട്ടും. അവന്‍റെ പിന്നാലെ ചെല്ലുക അവൻ കടക്കുന്ന വീട്ടിൽ ചെന്നു ആ വീട്ടുടയവനോട്: ഞാൻ എന്‍റെ ശിഷ്യന്മാരുമായി പെസഹ കഴിക്കുവാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ. അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ” എന്നു പറഞ്ഞു. ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി. സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു. അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: “നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നെ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. അവർ ദുഃഖിച്ചു: ഓരോരുത്തരും: “തീർച്ചയായും അത് ഞാനല്ലല്ലോ” എന്നു അവനോടു ചോദിക്കാൻ തുടങ്ങി. അവൻ അവരോട്: “പന്തിരുവരിൽ ഒരുവൻ, എന്നോടുകൂടെ പാത്രത്തിൽ കൈമുക്കുന്നവൻ തന്നെ. മനുഷ്യപുത്രൻ പോകുന്നത് തന്നെക്കുറിച്ച് തിരുവെഴുത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നെ; എന്നാൽ മനുഷ്യപുത്രനെ ഒറ്റികൊടുക്കുന്ന മനുഷ്യനോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവനു കൊള്ളാമായിരുന്നു” എന്നു പറഞ്ഞു. അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവർക്കു കൊടുത്തു: “വാങ്ങുവിൻ; ഇതു എന്‍റെ ശരീരം” എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവർക്കു കൊടുത്തു; അവർ എല്ലാവരും അതിൽനിന്ന് കുടിച്ചു: “ഇതു അനേകർക്ക് വേണ്ടി ചൊരിയുന്നതായ ഉടമ്പടിക്കുള്ള എന്‍റെ രക്തം. മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി കുടിക്കുന്ന നാൾവരെ ഞാൻ അത് ഇനി അനുഭവിക്കുകയില്ല എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു” എന്നു അവരോടു പറഞ്ഞു.