മർക്കൊ. 12:13-27

മർക്കൊ. 12:13-27 IRVMAL

അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്‍റെ അടുക്കൽ അയച്ചു. അവർ വന്നു: “ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്‍റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ട് നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കുകയോ കൊടുക്കാതിരിക്കയോ വേണ്ടത്?” എന്നു അവനോടു ചോദിച്ചു. അവൻ അവരുടെ കപടം അറിഞ്ഞ്: നിങ്ങൾ എന്നെ പരീക്ഷിക്കുന്നത് എന്ത്? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു. അവർ അത് കൊണ്ടുവന്നു. അവൻ ഈ സ്വരൂപവും മേലെഴുത്തും ആരുടേത്? എന്നു അവരോട് ചോദിച്ചതിന്: “കൈസരുടേത്” എന്നു അവർ പറഞ്ഞു. യേശു അവരോട്: കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ എന്നു പറഞ്ഞു. അവർ അവങ്കൽ വളരെ ആശ്ചര്യപ്പെട്ടു. പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്‍റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ: “ഗുരോ, ഒരുവന്‍റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാൽ ആ ഭാര്യയെ അവന്‍റെ സഹോദരൻ പരിഗ്രഹിച്ച് തന്‍റെ സഹോദരനുവേണ്ടി സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹംകഴിച്ച് സന്തതിയില്ലാതെ മരിച്ചുപോയി. രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ച് സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നെ. ഏഴു പേരും സന്തതിയില്ലാതെ മരിച്ചു; എല്ലാവർക്കും ഒടുവിൽ സ്ത്രീയും മരിച്ചു. പുനരുത്ഥാനത്തിൽ അവർ ഉയിർത്തെഴുന്നേല്ക്കുമ്പോൾ അവൾ അവരിൽ ആർക്ക് ഭാര്യയാകും? ഏഴു പേർക്കും ഭാര്യ ആയിരുന്നുവല്ലോ?” യേശു അവരോട് പറഞ്ഞത്: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നത്? മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കുകയില്ല, വിവാഹത്തിന് കൊടുക്കപ്പെടുകയുമില്ല; അവർ സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും. എന്നാൽ മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ച് മോശെയുടെ പുസ്തകത്തിൽ മുൾപ്പടർപ്പുഭാഗത്ത് ദൈവം അവനോട്: ‘ഞാൻ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും’ എന്നു അരുളിച്ചെയ്ത പ്രകാരം വായിച്ചിട്ടില്ലയോ? അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.