മർക്കൊ. 11:19-33

മർക്കൊ. 11:19-33 IRVMAL

സന്ധ്യയായപ്പോൾ യേശുവും ശിഷ്യന്മാരും നഗരം വിട്ടുപോയി. രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയത് കണ്ടു. അപ്പോൾ പത്രൊസിന് ഓർമ്മ വന്നു: “റബ്ബീ, നോക്കൂ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയി” എന്നു അവനോടു പറഞ്ഞു. യേശു അവരോട് ഉത്തരം പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ. ആരെങ്കിലും തന്‍റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുകൊണ്ട് ഈ മലയോട്: ദൈവം നിന്നെയെടുത്ത് കടലിൽ എറിയട്ടെ എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും, ദൈവം അങ്ങനെ തന്നെ ചെയ്യും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. അതുകൊണ്ട് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അത് നിങ്ങൾക്ക് ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾ പ്രാർത്ഥിക്കുവാൻ നില്ക്കുമ്പോൾ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കേണ്ടതിനു നിങ്ങൾക്ക് ആരോടെങ്കിലും വിരോധമായി വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ. നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ ലംഘനങ്ങളെയും ക്ഷമിക്കയില്ല.” അവർ പിന്നെയും യെരൂശലേമിൽ ചെന്നു. അവൻ ദൈവാലയത്തിൽ നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്‍റെ അടുക്കൽ വന്നു. “നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു?” എന്നും “ഇതു ചെയ്‌വാനുള്ള അധികാരം നിനക്കു തന്നതു ആർ?” എന്നും അവനോട് ചോദിച്ചു. യേശു അവരോട്: “ഞാൻ നിങ്ങളോടു ഒരു വാക്ക് ചോദിക്കും; അതിന് ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ട് ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും. യോഹന്നാന്‍റെ സ്നാനം സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായത്? എന്നോട് ഉത്തരം പറവിൻ” എന്നു പറഞ്ഞു. അവർ തമ്മിൽ ചർച്ചചെയ്തു: “സ്വർഗ്ഗത്തിൽനിന്നു എന്നു നമ്മൾ പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ പറയും. മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ” — എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ട് അവർ ജനത്തെ ഭയപ്പെട്ടു. അങ്ങനെ അവർ യേശുവിനോടു: “ഞങ്ങൾക്കു അറിഞ്ഞുകൂടാ” എന്നു ഉത്തരം പറഞ്ഞു. “എന്നാൽ ഞാനും ഇതു ഇന്ന അധികാരംകൊണ്ട് ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല” എന്നു യേശു അവരോടു പറഞ്ഞു.