മർക്കൊ. 11:1-18

മർക്കൊ. 11:1-18 IRVMAL

അവർ യെരൂശലേമിനോട് അടുത്ത്, ഒലിവുമലയരികെ ബേത്ത്ഫഗയോടു ബേഥാന്യയോടും സമീപിച്ചപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ച് അവരോട്: “നിങ്ങൾക്ക് എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും സവാരി ചെയ്തിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ. “ഇതു ചെയ്യുന്നതു എന്ത്?” എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ “കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട്” എന്നു പറവിൻ; ക്ഷണത്തിൽ അതിനെ ഇങ്ങോട്ട് അയയ്ക്കും” എന്നു പറഞ്ഞു. അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നത് കണ്ടു അതിനെ അഴിച്ചു. അവിടെ നിന്നവരിൽ ചിലർ അവരോട്: “നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. യേശു കല്പിച്ചതുപോലെ അവർ അവരോട് പറഞ്ഞു; അവർ അവരെ വിട്ടയച്ചു. അവർ കഴുതക്കുട്ടിയെ യേശുവിന്‍റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രങ്ങൾ അതിന്മേൽ ഇട്ടു; അങ്ങനെ അവൻ അതിന്മേൽ കയറി ഇരുന്നു. അനേകർ തങ്ങളുടെ വസ്ത്രങ്ങൾ വഴിയിൽ വിരിച്ചു; മറ്റുചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പ് വെട്ടി വഴിയിൽ വിതറി. മുമ്പും പിമ്പും നടക്കുന്നവർ: “ഹോശന്നാ, കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; നമ്മുടെ പിതാവായ ദാവീദിന്‍റെ വരുന്നതായ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ” എന്നു ആർത്തുകൊണ്ടിരുന്നു. അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്ക് ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ട് പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി. പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവനു വിശന്നു; അവൻ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ ഫലം വല്ലതും കണ്ടുകിട്ടുമോ എന്നു വച്ചു ചെന്നു, അതിനരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്‍റെ കാലം ആയിരുന്നില്ല. അവൻ അതിനോട്; “ഇനി നിങ്കൽനിന്ന് ആരും ഒരിക്കലും ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു. അതു ശിഷ്യന്മാർ കേട്ടു. അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; നാണയമാറ്റക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളെയും മറിച്ചിട്ടു കളഞ്ഞു; ആരും ദൈവാലയത്തിൽകൂടി വില്പനയ്ക്കുള്ള ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല. പിന്നെ അവരെ ഉപദേശിച്ചു: “എന്‍റെ ആലയം സകലജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു” എന്നു പറഞ്ഞു. അത് കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രികളും അവനെ കൊല്ലുവാനായി അവസരം അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്‍റെ ഉപദേശത്തിൽ അതിശയിക്കുകയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.