യേശു ഇങ്ങനെ അവരോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പ്രമാണി വന്നു അവനെ നമസ്കരിച്ചു: എന്റെ മകൾ ഇപ്പോൾ തന്നെ മരിച്ചുപോയി; എങ്കിലും നീ വന്നു അവളുടെമേൽ കൈ വെച്ചാൽ അവൾ ജീവിക്കും എന്നു പറഞ്ഞു. യേശു എഴുന്നേറ്റ് ശിഷ്യന്മാരുമായി അവന്റെ കൂടെ ചെന്നു. ആ സമയത്ത് പന്ത്രണ്ടു വർഷമായിട്ട് രക്തസ്രവമുള്ള ഒരു സ്ത്രീ: അവന്റെ വസ്ത്രം മാത്രം ഒന്ന് തൊട്ടാൽ എനിക്ക് സൌഖ്യംവരും എന്നു ഉള്ളിൽ പറഞ്ഞു, പിറകിൽ വന്നു അവന്റെ വസ്ത്രത്തിൽ തൊട്ടു. യേശു തിരിഞ്ഞു അവളെ കണ്ടപ്പോൾ: മകളെ, ധൈര്യപ്പെടുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു എന്നു പറഞ്ഞു; ക്ഷണത്തിൽ ആ സ്ത്രീക്ക് സൌഖ്യംവന്നു. പിന്നെ യേശു പ്രമാണിയുടെ വീട്ടിൽ എത്തിച്ചേർന്നു; കുഴലൂതുന്നവരും ജനക്കൂട്ടവും അധികം ഒച്ചപ്പാടും, ബഹളവും ഉണ്ടാക്കുന്നത് കണ്ടിട്ട്: മാറിപ്പോകുവിൻ; ബാലിക, മരിച്ചില്ല ഉറങ്ങുകയത്രേ എന്നു പറഞ്ഞു; അവരോ അവനെ നോക്കി പരിഹാസത്തോടെ ചിരിച്ചു. അവൻ പുരുഷാരത്തെ പുറത്താക്കി അകത്ത് കടന്ന് ബാലികയുടെ കൈയ്ക്ക് പിടിച്ചു, ബാലിക എഴുന്നേറ്റു. ഈ വർത്തമാനം ആ ദേശത്തു ഒക്കെയും പരന്നു. യേശു അവിടെനിന്ന് പോകുമ്പോൾ രണ്ടു കുരുടന്മാർ: “ദാവീദ് പുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ“ എന്നു നിലവിളിച്ചുകൊണ്ട് പിന്തുടർന്നു. അവൻ വീട്ടിൽ എത്തിയപ്പോൾ കുരുടന്മാർ അവന്റെ അടുക്കൽ വന്നു. ഇതു ചെയ്വാൻ എനിക്ക് കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നുവോ? എന്നു യേശു ചോദിച്ചതിന്: “അതെ, കർത്താവേ“ എന്നു അവർ പറഞ്ഞു. അവൻ അവരുടെ കണ്ണുകളിൽ തൊട്ടു:നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണ് തുറന്നു. പിന്നെ യേശു: ഇത് ആരും അറിയാതിരിക്കുവാൻ നോക്കുവിൻ എന്നു കർശനമായി കല്പിച്ചു. അവരോ പുറപ്പെട്ടു ആ ദേശത്തിലൊക്കെയും ഈ വാർത്തയെ പരസ്യമാക്കി.
മത്താ. 9 വായിക്കുക
കേൾക്കുക മത്താ. 9
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: മത്താ. 9:18-31
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ