മത്താ. 27:27-50

മത്താ. 27:27-50 IRVMAL

അനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ നടുത്തളത്തിലേക്ക് കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്‍റെ നേരെ വരുത്തി, അവന്‍റെ വസ്ത്രം അഴിച്ച് ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു, മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞു അവന്‍റെ തലയിൽ വച്ചു, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്‍റെ മുമ്പിൽ മുട്ടുകുത്തി: “യെഹൂദന്മാരുടെ രാജാവേ, ജയജയ“ എന്നു പരിഹസിച്ചു പറഞ്ഞു. പിന്നെ അവന്‍റെമേൽ തുപ്പി, കോൽ എടുത്തു അവന്‍റെ തലയിൽ അടിച്ചു. അവനെ പരിഹസിച്ചുതീർന്നപ്പോൾ മേലങ്കി നീക്കി അവന്‍റെ സ്വന്തവസ്ത്രം ധരിപ്പിച്ച്, ക്രൂശിപ്പാൻ കൊണ്ടുപോയി. അവർ പോകുമ്പോൾ ശിമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്‍റെ ക്രൂശ് ചുമപ്പാൻ നിര്‍ബ്ബന്ധിച്ചു. തലയോടിടം എന്നർത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്ത് എത്തിയപ്പോൾ അവനു കയ്പ് കലർത്തിയ വീഞ്ഞ് കുടിക്കുവാൻ കൊടുത്തു; അത് രുചിനോക്കിയപ്പോൾ അവനു കുടിക്കുവാൻ മനസ്സായില്ല. അവനെ ക്രൂശിൽ തറച്ചശേഷം അവന്‍റെ വസ്ത്രം പകുത്തെടുക്കുവാനായി പടയാളികൾ ചീട്ടിട്ടു, അവിടെ ഇരുന്നുകൊണ്ട് അവനെ നിരീക്ഷിച്ചു. യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്‍റെ കുറ്റസംഗതി എഴുതി അവന്‍റെ തലയ്ക്കുമീതെ വച്ചു. വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോട് കൂടെ ക്രൂശിച്ചു. കടന്നു പോകുന്നവർ തലകുലുക്കി അവനെ നിന്ദിച്ചു: “മന്ദിരം പൊളിച്ച് മൂന്നുനാൾകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിയ്ക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ“ എന്നു പറഞ്ഞു. അങ്ങനെ തന്നെ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിക്കാൻ കഴിയുകയില്ലയോ; ഇവൻ യിസ്രായേലിന്‍റെ രാജാവ് ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ; അപ്പോൾ ഞങ്ങൾ ഇവനിൽ വിശ്വസിക്കാം. ഇവൻ ദൈവത്തിൽ ആശ്രയിക്കുന്നു; ദൈവത്തിന് ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു ഇവൻ പറഞ്ഞുവല്ലോ“ എന്നു പറഞ്ഞു. അങ്ങനെ തന്നെ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു. ആറാംമണി നേരംമുതൽ ഒമ്പതാംമണി നേരംവരെ ദേശത്തു എല്ലാം ഇരുട്ടുണ്ടായി. ഏകദേശം ഒമ്പതാംമണി നേരത്ത് യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്നു ഉറക്കെ നിലവിളിച്ചു; എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നർത്ഥം. അവിടെ നിന്നിരുന്നവരിൽ ചിലർ അത് കേട്ടിട്ടു; “അവൻ ഏലിയാവെ വിളിക്കുന്നു“ എന്നു പറഞ്ഞു. ഉടനെ അവരിൽ ഒരുവൻ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞ് നിറച്ച് ഓടത്തണ്ടിന്മേൽ ആക്കി അവനു കുടിക്കുവാൻ കൊടുത്തു. ശേഷമുള്ളവർ: “അവനെ തനിയെ വിടുക; ഏലിയാവ് അവനെ രക്ഷിക്കാൻ വരുമോ“ എന്നു നോക്കാം എന്നു പറഞ്ഞു. യേശു പിന്നെയും അത്യുച്ചത്തിൽ നിലവിളിച്ചു പ്രാണനെ വിട്ടു.