മത്താ. 26:55-75

മത്താ. 26:55-75 IRVMAL

ആ നാഴികയിൽ യേശു പുരുഷാരത്തോട്: ഒരു കൊള്ളക്കാരന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി വന്നിരിക്കുന്നു; ഞാൻ ദിവസേന ഉപദേശിച്ചുകൊണ്ട് ദൈവാലയത്തിൽ ഇരുന്നിട്ടും നിങ്ങൾ എന്നെ ബന്ധിച്ചില്ല. എന്നാൽ ഇതു ഒക്കെയും പ്രവാചകന്മാരുടെ എഴുത്തുകൾ നിവൃത്തിയാകേണ്ടതിന് സംഭവിച്ചു എന്നു പറഞ്ഞു. അപ്പോൾ ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി. യേശുവിനെ പിടിച്ചവരോ അവനെ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കൽ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നിടത്തേക്ക് കൊണ്ടുപോയി. എന്നാൽ പത്രൊസ് ദൂരത്ത് നിന്നും പിൻതുടർന്നു മഹാപുരോഹിതന്‍റെ അരമനയോളം ചെന്നു, അകത്ത് കടന്ന് അവസാനം എന്താകും എന്നു കാണ്മാൻ സേവകന്മാരോടുകൂടി ഇരുന്നു മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലുവാനായി അവന്‍റെനേരെ കള്ളസാക്ഷ്യം അന്വേഷിച്ചു; കള്ളസാക്ഷികൾ പലരും വന്നിട്ടും ഒത്തുവന്നില്ല. ഒടുവിൽ രണ്ടുപേർ വന്നു: “ദൈവമന്ദിരം പൊളിച്ച് മൂന്നു ദിവസംകൊണ്ട് വീണ്ടും പണിവാൻ എനിക്ക് കഴിയും എന്നു ഇവൻ പറഞ്ഞു“ എന്നു അവരെ ധരിപ്പിച്ചു. മഹാപുരോഹിതൻ എഴുന്നേറ്റ് അവനോട്: “നിനക്കു ഒരു ഉത്തരവും പറയുവാനില്ലേ? ഇവർ നിന്‍റെനേരെ സാക്ഷ്യം പറയുന്നത് എന്ത്?“ എന്നു ചോദിച്ചു. യേശുവോ നിശബ്ദനായിരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോട്: “നീ ദൈവപുത്രനായ ക്രിസ്തുതന്നെയോ? പറക എന്നു ഞാൻ ജീവനുള്ള ദൈവത്തെക്കൊണ്ട് നിന്നോട് ആണയിട്ട് കൽപ്പിക്കുന്നു.“ യേശു അവനോട്: നീ നിന്നോട് തന്നെ അത് പറഞ്ഞിരിക്കുന്നു; ഇനി മനുഷ്യപുത്രൻ സർവ്വാധികാരത്തിൻ്റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും എന്നു ഞാൻ പറയുന്നു. ഉടനെ മഹാപുരോഹിതൻ വസ്ത്രം കീറി: “ഇവൻ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ട് നമുക്കു എന്ത് ആവശ്യം? നിങ്ങൾ ഇപ്പോൾ ദൈവദൂഷണം കേട്ടുവല്ലോ; നിങ്ങൾക്ക് എന്ത് തോന്നുന്നു?“ എന്നു ചോദിച്ചതിന്: “അവൻ മരണയോഗ്യൻ“ എന്നു അവർ ഉത്തരം പറഞ്ഞു. അപ്പോൾ അവർ അവന്‍റെ മുഖത്തു തുപ്പി, കന്നത്തടിച്ചു, ചിലർ അവനെ മുഷ്ടിചുരുട്ടി കുത്തി, “ക്രിസ്തുവേ, നിന്നെ തല്ലിയത് ആർ എന്നു ഞങ്ങളോടു പ്രവചിക്ക“ എന്നു പറഞ്ഞു. എന്നാൽ പത്രൊസ് പുറത്തു മുറ്റത്ത് ഇരുന്നു. അവന്‍റെ അടുക്കൽ ഒരു വേലക്കാരി പെൺകുട്ടി വന്നു: “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ“ എന്നു പറഞ്ഞു. അതിന് അവൻ: “നീ പറയുന്നത് എന്ത് എന്നു ഞാൻ അറിയുന്നില്ല“ എന്നു എല്ലാവരും കേൾക്കെ തള്ളിപ്പറഞ്ഞു. പിന്നെ അവൻ പടിപ്പുരയിലേക്ക് പുറപ്പെടുമ്പോൾ മറ്റൊരു വേലക്കാരി പെൺകുട്ടി അവനെ കണ്ടു അവിടെയുള്ളവരോട്: “ഇവനും നസറായനായ യേശുവിനോടു കൂടെയായിരുന്നു“ എന്നു പറഞ്ഞു. “ആ മനുഷ്യനെ ഞാൻ അറിയുന്നില്ല“ എന്നു അവൻ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു. അല്പനേരം കഴിഞ്ഞിട്ട് അവിടെ നിന്നവർ അടുത്തുവന്നു പത്രൊസിനോട്: “നീയും അവരുടെ കൂട്ടത്തിൽ ഉള്ളവൻ സത്യം; നിന്‍റെ ഉച്ചാരണവും അത് വ്യക്തമാക്കുന്നുവല്ലോ“ എന്നു പറഞ്ഞു. അപ്പോൾ അവൻ: ആ മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു ശപിക്കുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി. കോഴി കൂകും മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞവാക്ക് പത്രൊസ് ഓർത്തു പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.