മത്താ. 26:20-54

മത്താ. 26:20-54 IRVMAL

സന്ധ്യയായപ്പോൾ യേശു പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ ഭക്ഷിക്കുവാൻ ഇരുന്നു. അവർ ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ എന്നെ കാണിച്ചുകൊടുക്കും എന്നു “ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. അപ്പോൾ അവർ അത്യന്തം ദുഃഖിച്ചു: “തീർച്ചയായും ഞാനല്ലല്ലോ കർത്താവേ, ഞാനല്ലല്ലോ കർത്താവേ“ എന്നു ഓരോരുത്തൻ ചോദിച്ചു തുടങ്ങി. അവൻ ഉത്തരം പറഞ്ഞത്: എന്നോടുകൂടെ കൈ താലത്തിൽ മുക്കുന്നവൻ തന്നെ എന്നെ കാണിച്ചുകൊടുക്കും. തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകും; മനുഷ്യപുത്രനെ കാണിച്ചു കൊടുക്കുന്ന മനുഷ്യനോ ഹാ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവനു നന്നായിരുന്നു. അവനെ കാണിച്ചു കൊടുക്കുന്ന യൂദാ: “ഞാനോ, റബ്ബീ,“ എന്നു പറഞ്ഞതിന്:നീ സ്വയം പറഞ്ഞുവല്ലോ എന്നു അവൻ പറഞ്ഞു. അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി ശിഷ്യന്മാർക്ക് കൊടുത്തു: വാങ്ങി ഭക്ഷിക്കുവിൻ; ഇതു എന്‍റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം അർപ്പിച്ച് അവർക്ക് കൊടുത്തു: ഇതിൽ നിന്നു എല്ലാവരും കുടിക്കുവിൻ. ഇതു എന്‍റെ രക്തം ഉടമ്പടിക്കായുള്ളത് അനേകർക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്നു; എന്‍റെ പിതാവിന്‍റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഫലത്തിൻ്റെ ഈ അനുഭവത്തിൽ നിന്നു ഇനി കുടിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. പിന്നെ അവർ സ്തോത്രാലാപനത്തിന് ശേഷം ഒലിവുമലയ്ക്ക് പുറപ്പെട്ടുപോയി. യേശു അവരോട്: ഈ രാത്രിയിൽ ഞാൻ നിമിത്തം നിങ്ങൾ എല്ലാവരും വീണുപോകും; ഞാൻ ഇടയനെ വെട്ടും; ആട്ടിൻകൂട്ടങ്ങൾ എല്ലാം ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ ഞാൻ ഉയിർത്തെഴുന്നേറ്റശേഷം നിങ്ങൾക്ക് മുമ്പെ ഗലീലയ്ക്കു പോകും. അതിന് പത്രൊസ്: “എല്ലാവരും അങ്ങ് നിമിത്തം വീണുപോയാലും ഞാൻ ഒരുനാളും വീഴുകയില്ല“ എന്നു ഉത്തരം പറഞ്ഞു. യേശു അവനോട്: ഈ രാത്രിയിൽ കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായിട്ട് നിന്നോട് പറയുന്നു എന്നു പറഞ്ഞു. “നിന്നോട് കൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല“ എന്നു പത്രൊസ് അവനോട് പറഞ്ഞു. അതുപോലെ തന്നെ ശിഷ്യന്മാർ എല്ലാവരും പറഞ്ഞു. അനന്തരം യേശു അവരുമായി ഗെത്ത്ശമന എന്നറിയപ്പെടുന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോട്: ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു, തന്നോടൊപ്പം പത്രൊസിനേയും സെബെദിപുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ട് ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി: എന്‍റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ എന്നോടൊപ്പം ഉണർന്നിരിപ്പിൻ എന്നു അവരോട് പറഞ്ഞു. പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാർത്ഥിച്ചു. പിന്നെ അവൻ ശിഷ്യന്മാരുടെ അടുക്കൽ വന്നു, അവർ ഉറങ്ങുന്നത് കണ്ടു, പത്രൊസിനോട്: എന്നോട് കൂടെ ഒരു നാഴികപോലും ഉണർന്നിരിപ്പാൻ നിങ്ങൾക്ക് കഴിഞ്ഞില്ലയോ? പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു രണ്ടാമതും പോയി: പിതാവേ, ഞാൻ കുടിക്കാതെ അത് നീങ്ങിക്കൂടാ എങ്കിൽ, നിന്‍റെ ഇഷ്ടം ആകട്ടെ എന്നു പ്രാർത്ഥിച്ചു. അനന്തരം അവൻ വന്നു, അവർ കണ്ണിന് ഭാരം ഏറുകയാൽ പിന്നെയും ഉറങ്ങുന്നത് കണ്ടു. അവരെ വിട്ടു മൂന്നാമതും പോയി ആ വചനം തന്നെ ചൊല്ലി പ്രാർത്ഥിച്ചു. പിന്നെ ശിഷ്യന്മാരുടെ അടുക്കൽ വന്നു: ഇപ്പോഴും നിങ്ങൾ ഉറങ്ങി ആശ്വസിച്ചു കൊണ്ടിരിക്കുന്നുവോ? സമയം സമീപിച്ചിരിക്കുന്നു; മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു; എഴുന്നേല്പിൻ, നമുക്കു പോകാം; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തെത്തിയിരിക്കുന്നു എന്നു പറഞ്ഞു. അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ പന്തിരുവരിൽ ഒരുവനായ യൂദയും അവനോട് കൂടെ മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും അയച്ച വലിയൊരു പുരുഷാരവും വാളുകളും വടികളുമായി വന്നു. യേശുവിനെ കാണിച്ചുകൊടുക്കുന്നവൻ അവർക്ക് ഒരു അടയാളം കൊടുത്തിരുന്നു; “ഞാൻ ആരെ ചുംബിക്കുമോ അവൻ തന്നെ ആകുന്നു, അവനെ പിടിച്ചുകൊൾവിൻ“ എന്നു പറഞ്ഞു. ഉടനെ അവൻ യേശുവിന്‍റെ അടുക്കൽ വന്നു: “വന്ദനം റബ്ബീ“ എന്നു പറഞ്ഞു അവനെ ചുംബിച്ചു. യേശു അവനോട്: സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു പറഞ്ഞപ്പോൾ അവർ അടുത്തുവന്ന് യേശുവിന്മേൽ കൈ വച്ചു അവനെ പിടിച്ചു. അപ്പോൾ യേശുവിനോടു കൂടെയുള്ളവരിൽ ഒരുവൻ കൈ നീട്ടി വാൾ ഊരി, മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ കാത് അറുത്തു. യേശു അവനോട്: വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ തന്നെ നശിച്ചുപോകും. എന്‍റെ പിതാവിനോട് ഇപ്പോൾ തന്നെ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്‍റെ അരികെ നിർത്തേണ്ടതിന് എനിക്ക് വിളിച്ചുകൂടാ എന്നു തോന്നുന്നുവോ? എന്നാൽ ഇങ്ങനെ സംഭവിച്ചിരിക്കണം എന്നുള്ള തിരുവെഴുത്തുകൾക്ക് പിന്നെ എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു.