മത്താ. 21:19-32

മത്താ. 21:19-32 IRVMAL

വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടു; അടുക്കൽ ചെന്നു, അതിൽ ഇലയല്ലാതെ ഒന്നും കാണായ്കയാൽ: ഇനി നിന്നിൽ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്നു അതിനോട് പറഞ്ഞു; ക്ഷണത്തിൽ ആ അത്തിവൃക്ഷം ഉണങ്ങിപ്പോയി. ശിഷ്യന്മാർ അത് കണ്ടപ്പോൾ: “അത്തി ഇത്ര ക്ഷണത്തിൽ ഉണങ്ങിപ്പോയത് എങ്ങനെ?“ എന്നു പറഞ്ഞു ആശ്ചര്യപ്പെട്ടു. അതിന് യേശു: നിങ്ങൾ സംശയിക്കാതെ വിശ്വാസം ഉള്ളവരായാൽ ഈ അത്തിയോട് ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോട്: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാൽ അതും സംഭവിക്കും എന്നു ഞാൻ സത്യമായിട്ട് നിങ്ങളോടു പറയുന്നു. നിങ്ങൾ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥനയിൽ എന്ത് യാചിച്ചാലും നിങ്ങൾക്ക് ലഭിക്കും എന്നു ഉത്തരം പറഞ്ഞു. അവൻ ദൈവാലയത്തിൽ ചെന്നു ഉപദേശിക്കുമ്പോൾ മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും അവന്‍റെ അടുക്കൽ വന്നു: “നീ എന്ത് അധികാരംകൊണ്ട് ഇവ ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആർ?“ എന്നു ചോദിച്ചു. യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോടു ഒരു ചോദ്യം ചോദിക്കും; അത് നിങ്ങൾ എന്നോട് പറഞ്ഞാൽ എന്ത് അധികാരംകൊണ്ട് ഞാൻ ഇതു ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയും. യോഹന്നാന്‍റെ സ്നാനം എവിടെ നിന്ന്? സ്വർഗ്ഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? അവർ തമ്മിൽ ആലോചിച്ചു: “സ്വർഗ്ഗത്തിൽനിന്ന് എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്നു അവൻ നമ്മോടു ചോദിക്കും; മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകൻ എന്നല്ലോ കാണുന്നത് എന്നു പറഞ്ഞു. എന്നിട്ട് അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു.“ അവനും അവരോട് പറഞ്ഞത്: എന്നാൽ ഞാൻ ഇതു എന്ത് അധികാരംകൊണ്ട് ചെയ്യുന്നു എന്നുള്ളത് ഞാനും നിങ്ങളോടു പറയുന്നില്ല. എങ്കിലും നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു മനുഷ്യന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവൻ ഒന്നാമത്തവന്‍റെ അടുക്കൽ ചെന്നു: മകനേ ഇന്ന് എന്‍റെ മുന്തിരിത്തോട്ടത്തിൽ പോയി വേല ചെയ്ക എന്നു പറഞ്ഞു. എനിക്ക് മനസ്സില്ല എന്നു അവൻ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതിൽ അനുതപിച്ച് അവൻ പോയി. രണ്ടാമത്തവൻ്റെ അടുക്കൽ അവൻ ചെന്നു അങ്ങനെ തന്നെ പറഞ്ഞപ്പോൾ: ഞാൻ പോകാം യജമാനനേ എന്നു അവൻ ഉത്തരം പറഞ്ഞു; എന്നാൽ പോയില്ലതാനും. ഈ രണ്ടുപേരിൽ ആർ ആകുന്നു അപ്പന്‍റെ ഇഷ്ടം ചെയ്തതു? ഒന്നാമത്തവൻ എന്നു അവർ പറഞ്ഞു. യേശു അവരോട് പറഞ്ഞത്: ചുങ്കക്കാരും വേശ്യമാരും നിങ്ങൾക്ക് മുമ്പായി ദൈവരാജ്യത്തിൽ കടക്കും എന്നു സത്യമായിട്ട് ഞാൻ നിങ്ങളോടു പറയുന്നു. യോഹന്നാൻ നീതിമാർഗ്ഗത്തിലൂടെ നിങ്ങളുടെ അടുക്കൽ വന്നു: നിങ്ങൾ അവനെ വിശ്വസിച്ചില്ല; എന്നാൽ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അത് കണ്ടിട്ടും നിങ്ങൾ അവനെ വിശ്വസിപ്പാൻ തക്കവണ്ണം പിന്നത്തേതിൽ അനുതപിച്ചില്ല.